Latest NewsNewsIndia

ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി’വീവിങ് സ്മൈല്‍സ്’ എന്ന പേരില്‍ പൂക്കുന്നം ഹരിശ്രീ സ്കൂളും പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഡിസൈന്‍ ശില്‍പ്പശാലയും വിതരണ മേളയും സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി തയ്യാറാക്കുന്ന വസ്ത്ര ഡിസൈനുകള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യും. ഇതുവഴി സമാഹരിക്കുന്ന തുക രോഗബാധിതരും ഭിന്നശേഷിക്കാരുമായ കുട്ടികളുടെ പാഠ്യ-പാഠ്യേതര കാര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത മാസം മൂന്നിന് രാവിലെ 11ന് ഹരിശ്രീ സ്കൂളില്‍ നടക്കുന്ന വീവിങ് സ്മൈല്‍സ് പ്രദര്‍ശനം കഥാകൃത്തും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.വിവിധ ഫാഷന്‍ ഡിസൈനിംഗ് കോളേജുകളില്‍ നിന്നുള്ള 25ഓളം വിദ്യാര്‍ത്ഥികളാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിസൈന്‍ പരിശീലനം നല്‍കുന്നത്. ഫെബ്രുവരി മൂന്നിന് സ്കൂളില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ അഞ്ജലി വര്‍മ ഒരുക്കിയ ഡിസൈന്‍ വസ്ത്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം ക്രിയാത്മക രചനകള്‍ നെയ്തെടുക്കും. ഇങ്ങനെ തയാറാക്കുന്ന ഡിസൈന്‍ വസ്ത്രങ്ങള്‍ തിങ്കളാഴ്ച സ്കൂളില്‍ തന്നെ ഒരുക്കുന്ന പ്രദര്‍ശന മേളയില്‍ അവതരിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ തയാറാക്കിയ വസ്ത്ര ഡിസൈനുകള്‍ വില്‍പ്പന നടത്തി ലഭിക്കുന്ന തുകയും കൂടാതെ സ്പോണ്‍സര്‍മാര്‍ സംഭാവന നല്‍കുന്ന തുകയും പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ രംഗത്ത് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സോളേസിനു കൈമാറും. ‘കുഞ്ഞുങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കായി ഒരു കൈത്താങ്ങ് ‘ എന്ന ആശയമാണ് വീവിങ് സ്മൈല്‍സ് പദ്ധതിയിലൂടെ അഞ്ജലി വര്‍മയും ഹരിശ്രീ സ്കൂളും മുന്നോട്ടു വയ്ക്കുന്നത്. കലയിലും ചിത്ര രചനയിലും കുട്ടികള്‍ക്കുള്ള കഴിവ് പരിപോഷിപ്പിക്കുന്നതോടൊപ്പം അവരില്‍ സഹാനുഭൂതി വളര്‍ത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

അഞ്ജലി വര്‍മ, ശീബ അമീര്‍, ഹരിശ്രീ വിദ്യാ നിധി സ്കൂള്‍ ചിത്ര രചന അധ്യാപകന്‍ പ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button