കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി തോമസ്ഐസക്. രാജ്യം അതിഗുരുതരമായ ഒരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്ര ലാഘവത്തോടെയും ഉത്തരവാദിത്തരഹിതമായും കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ടിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷന്‍ ഇങ്ങനെയൊക്കെ പെരുമാറാമോ എന്നും കുറച്ചുകൂടി നിലവാരം പുലര്‍ത്തണമെന്ന് അദ്ദേഹത്തെ അടുത്ത സുഹൃത്തുക്കളെങ്കിലും ഉപദേശിക്കേണ്ട കാലമായി എന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നത്തെ പത്രസമ്മേളനത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത് മനുഷ്യമഹാശൃംഖല പരാജയമാണെന്നാണ്. കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടുപരക്കുമെന്ന വിശ്വാസവുമായി നടക്കുന്ന അദ്ദേഹത്തോട് നമുക്കു സഹതപിക്കാമെന്നും മനുഷ്യമഹാശൃംഖല വന്‍വിജയമായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ വാദിച്ചു ബോധ്യപ്പെടുത്താനൊന്നും ഞങ്ങളില്ലെന്നും തോമസ് ഐസക് കുറിച്ചു
തോമസ്ഐസകിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
ചില കോണ്‍ഗ്രസ് നേതാക്കളുടെ, പ്രത്യേകിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിപിഐഎം വിമര്‍ശനം ബഹുവിശേഷമാണ്. വാദങ്ങള്‍ക്കൊന്നും പൊരുത്തമോ പൂര്‍വാപരബന്ധമോ ഒന്നും കാണില്ല. അസംബന്ധം എന്ന ഒറ്റവാക്കില്‍ പ്രതികരിച്ച് അവസാനിപ്പിക്കേണ്ട വിമര്‍ശനങ്ങളാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. രാജ്യം അതിഗുരുതരമായ ഒരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ ഇത്ര ലാഘവത്തോടെയും ഉത്തരവാദിത്തരഹിതമായും കോണ്‍ഗ്രസിനെപ്പോലൊരു പാര്‍ടിയുടെ കേരള ഘടകത്തിന്റെ അധ്യക്ഷന്‍ ഇങ്ങനെയൊക്കെ പെരുമാറാമോ? കുറച്ചുകൂടി നിലവാരം പുലര്‍ത്തണമെന്ന് അദ്ദേഹത്തെ അടുത്ത സുഹൃത്തുക്കളെങ്കിലും ഉപദേശിക്കേണ്ട കാലമായി.
നോക്കൂ. ഇന്നത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹം മനുഷ്യമഹാശൃംഖലയെക്കുറിച്ച് പറഞ്ഞത്. മനുഷ്യമഹാശൃംഖല പരാജയമാണത്രേ. താന്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ ഇരുട്ടുപരക്കുമെന്ന വിശ്വാസവുമായി നടക്കുന്ന അദ്ദേഹത്തോട് നമുക്കു സഹതപിക്കാം. ജനലക്ഷങ്ങള്‍ അണിനിരന്ന മഹാജനമുന്നേറ്റം പരാജയമാണെന്ന് നിരീക്ഷിച്ചുമ്പോള്‍ അദ്ദേഹത്തിനൊരു മനസുഖം കിട്ടുമെങ്കില്‍ നമ്മളെന്തിന് എതിര്‍ക്കണം.
പക്ഷേ, അതും കഴിഞ്ഞ് പറഞ്ഞ അടുത്ത ഡയലോഗാണ്, ന്യൂ ജെന്‍കാരുടെ ഭാഷയില്‍ പറഞ്ഞാല്‍, പൊളിച്ചത്. ആത്മാഭിമാനമുള്ള ഒരു കോണ്‍ഗ്രസുകാരനും പങ്കെടുത്തില്ല. ലീഗുകാര്‍ പങ്കെടുത്തെങ്കില് അവരാണ് പറയേണ്ടത്.
അതായത്, കോണ്‍ഗ്രസുകാരും ലീഗുകാരും പങ്കെടുത്തുവെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. നാട്ടുകാര്‍ക്കുറിയാം. പത്രക്കാര്‍ക്കുമറിയാം. ഇന്നത്തെ ന്യൂസ് ചാനലുകളിലെ പ്രധാനവാര്‍ത്തകളിലൊന്ന് മനുഷ്യമഹാശൃംഖലയില്‍ ലീഗിന്റെ പ്രധാന പ്രവര്‍ത്തകര്‍ അണി ചേര്‍ന്നതിനെക്കുറിച്ചാണ്. പങ്കെടുത്തവരെ പുറത്താക്കുമെന്ന് കെപിഎ മജീദും അതിന്റെയൊന്നും കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും.
ഈ ചര്‍ച്ച മുന്നേറുമ്പോഴാണ് മുല്ലപ്പള്ളിയുടെ രംഗപ്രവേശം. എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തെങ്കില്‍ത്തന്നെ അതൊരു മഹാവിജയമാണ്. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെപ്പോലും ആകര്‍ഷിക്കുന്ന ഒരു മുദ്രാവാക്യമുയര്‍ത്തുകയും, അവരെക്കൂടി അണിചേര്‍ക്കുംവിധം വിശാലമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നാണ് ഇതു കാണിക്കുന്നത്. ശൃംഖലയില്‍ പരസ്യമായി അണിനിരക്കാന്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ തയ്യാറായെങ്കില്‍, അതിന്റെ എത്രയോ മടങ്ങ് വരും, മനസുകൊണ്ട് ഈ പരിപാടിയില്‍ കൈകോര്‍ത്ത യുഡിഎഫ് പ്രവര്‍ത്തകരും അനുഭാവികളും.
സത്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് ചെറുതാകുന്നത് അവരുടെ മുന്നിലാണ്. മനുഷ്യമഹാശൃംഖല വന്‍വിജയമായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ വാദിച്ചു ബോധ്യപ്പെടുത്താനൊന്നും ഞങ്ങളില്ല. പൊട്ടക്കിണറ്റില്‍ ശീര്‍ഷാസനം നില്‍ക്കുന്നത് വലിയ രാഷ്ട്രീയതന്ത്രമാണെന്ന അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ.
വനിതാമതിലില്‍ പങ്കെടുത്ത എല്ലാവരും എല്‍ഡിഎഫിന് വോട്ടുചെയ്തില്ലെന്നാണ് അദ്ദേഹത്തിന്റെ അടുത്ത കണ്ടുപിടിത്തം. അദ്ദേഹം ഇതൊക്കെ വോട്ടുകിട്ടാനുള്ള പരിപാടിയായിട്ടാണ് കാണുന്നത്. ഞങ്ങള്‍ക്കിത് വോട്ടുപിടിത്തമല്ല. നവോത്ഥാനവും പൌരത്വപ്രശ്നവുമൊന്നും ഞങ്ങളേറ്റെടുക്കുന്നത് എത്ര വോട്ടുകിട്ടുമെന്ന് കണക്കുകൂട്ടിയല്ല.
രാജ്യത്തെ മഹാഭൂരിപക്ഷം ജനതയെയും ഭീതിയിലും ആശങ്കയിലുമാഴ്ത്തിയ പൌരത്വ നിയമഭേദഗതിയും ദേശീയ പൌരത്വ രജിസ്റ്ററുമൊക്കെ വോട്ടുകിട്ടാനുള്ള വിഷയമായിട്ടാണോ ഇപ്പോഴും മുല്ലപ്പള്ളിയൊക്കെ കണക്കാക്കി വെച്ചിട്ടുള്ളത്. എങ്കില്‍ എന്തൊരു ദുരന്തമാണ് അദ്ദേഹം എന്നു പറയേണ്ടി വരും. എന്റെ മുല്ലപ്പള്ളീ, രാജ്യത്ത് തെരഞ്ഞെടുപ്പു തന്നെ വേണ്ടെന്നു വെയ്ക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിങ്ങള്‍ക്ക് വോട്ടു നല്കി ജയിപ്പിച്ചിട്ടെന്തു കിട്ടാനാണ് എന്നൊരു ചര്‍ച്ച വേറെ നടക്കുന്നുണ്ട്. ഈ അവസരത്തില്‍ ഞാനതിലേയ്ക്കു കടക്കുന്നില്ല.
പൌരത്വ പ്രശ്നത്തില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച ദേശീയ മാധ്യമങ്ങള്‍ പോലും ഗംഭീരവിജയം എന്ന് റിപ്പോര്‍ട്ടു ചെയ്ത മനുഷ്യ മഹാശൃംഖലയെക്കുറിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഈ നിലയില്‍ പ്രതികരിക്കുന്നത്. ടെലിഗ്രാഫ് പത്രത്തിന്റെ ഒന്നാം പേജൊന്നും അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടില്ല എന്നു തോന്നുന്നു. ഇത്തരം ഡയലോഗുകളൊക്കെ ഈ നാടിനെ നാണംകെടുത്തുകയേ ഉള്ളൂവെന്ന് തിരിച്ചറിയാനെങ്കിലും കെപിസിസി പ്രസിഡന്റിന് കഴിയേണ്ടിയിരിക്കുന്നു.
Post Your Comments