വേനലാകുന്നതോടെ ഭക്ഷണക്രമത്തിലും ശരീര സൗന്ദര്യത്തിലും ഏറെ ആകുലരാണ് നമ്മള്‍. ഒപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് വസ്ത്രം. വേനല്‍ക്കാലങ്ങളിലെ വസ്ത്രധാരണം മുതിര്‍ന്നവരേക്കാള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളിലാണ്. കാരണം കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരേക്കാള്‍ ലോലമാണ്. അവര്‍ക്ക് വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ പ്രയാസമാകുംതോറും ചര്‍മ്മ രോഗങ്ങളും കൂടും.
കോട്ടണ്‍ വസ്ത്രങ്ങളാണ് വേനലില്‍ കൂടുതലായും ധരിക്കാന്‍ ഉത്തമം. കോട്ടണ്‍ വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുന്നതുവഴി ചര്‍മ്മത്തിന് തടസ്സങ്ങളില്ലാതെ ശ്വസിക്കാം. മറ്റ് വസ്ത്രങ്ങളില്‍ വിയര്‍പ്പ് തങ്ങി നില്‍ക്കും അതുവഴി ചൊറിച്ചില്‍ അനുഭവപ്പെടാം. കടുത്ത നിറങ്ങള്‍ ചൂടിനെ ആഗിരണം ചെയ്യുന്നതിനാല്‍ ഇളം നിറങ്ങളാണ് വേനലില്‍ അഭികാമ്യം.
വേനല്‍ക്കാലം അവധിക്കാലം കൂടി ആയതിനാല്‍ പൊടിയിലും വെയിലിലും കളികളിലായിരിക്കും കുട്ടികള്‍. അതുകൊണ്ടുതന്നെ വസ്ത്രങ്ങളില്‍ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ വസ്ത്രധാരണം കുട്ടികളെ വേനല്‍ക്കാല അസുഖങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തും. വെയിലത്തിറങ്ങുമ്പോള്‍ ചൂടിനെ അകറ്റി നിര്‍ത്താന്‍ അയവുള്ള വസ്ത്രങ്ങള്‍ ധരിക്കാം. സൂര്യ രശ്മികളില്‍നിന്ന് കണ്ണിനേയും ചര്‍മ്മത്തേയും സംരക്ഷിക്കാന്‍ തൊപ്പികളുപയോഗിക്കാം. എന്നാല്‍ തൊപ്പിയും ഷൂസും ഉപയോഗിക്കുന്നത് അവരുടെ സഞ്ചാര സ്വാതന്ത്രത്തെ തടയുന്നതാകരുത്.
കുട്ടികളെ സംരക്ഷിക്കുന്നതില്‍ മുതിര്‍ന്നവരുടെ വസ്ത്രധാരണത്തിനും പങ്കുണ്ട്. കുട്ടികളെ പരിചരിക്കുമ്പോള്‍ പ്രത്യേകിച്ച അവരെ എടുത്ത് നടക്കുമ്പോള്‍ മുതിര്‍ന്നവരുടെ വസ്ത്രങ്ങള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇത് ഒഴിവാക്കാന്‍ വളരെ കനം കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
Post Your Comments