
ന്യൂഡല്‍ഹി: ലോകത്ത് കൊറോണ വൈറസ് ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ ചൈനയിലെ ഇന്ത്യക്കാരുടെ ആരോഗ്യസ്ഥിതി ഇന്ത്യന്‍ എംബസ്സി നിരന്തരം പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ രണ്ട് ഹൈല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ടതായും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആളുകള്‍ക്ക് ഏത് സമയത്തും സഹായത്തിനായി +8618612083629 , +8618612083617 എന്നീ ഹൈല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി ചൈനീസ് അധികൃതരുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണവൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന 250 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലേക്ക് എത്തിക്കുന്നതിനായി ചൈനീസ് അധികൃതരുമായി ഇന്ത്യ ബന്ധപ്പെട്ടതായാണ് വിവരം. വുഹാനിലും മറ്റ് സര്‍വ്വകലാശാലകളിലുമായി ഏകദേശം 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ ഏകദേശം 250- 300 വിദ്യാര്‍ത്ഥികള്‍ ചൈനീസ് പുതുവത്സര അവധി പ്രമാണിച്ച് ഇന്ത്യയില്‍ എത്തിയിട്ടുണ്ട്.
Post Your Comments