Latest NewsNews

സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നു : 13 ദശലക്ഷത്തിലധികം ജനങ്ങള്‍ മാറിത്താമസിയ്‌ക്കേണ്ടി വരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക് : സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നു . 13 ദശലക്ഷത്തിലധികം ജനങ്ങള്‍ മാറിത്താമസിയ്ക്കേണ്ടി വരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. സമുദ്രനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് അമേരിക്കയിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വരുമെന്ന് ഗവേഷകര്‍. കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവും മൂലം സമുദ്രനിരപ്പില്‍ വന്‍തോതില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2100 ഓടെ തീരപ്രദേശങ്ങളില്‍ ജീവിക്കുന്ന 13 ദശലക്ഷം ജനങ്ങള്‍ക്ക് വീടുകള്‍ ഉപേക്ഷിച്ചു പോകേണ്ടി വരും എന്നാണ് കണക്ക്. അറ്റ്‌ലാന്റ, ഹൂസ്റ്റണ്‍, ഡാലസ്, ലാസ് വേഗാസ്, ഡന്‍വര്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് സമുദ്രനിരപ്പിലെ ഉയര്‍ച്ച ഭീഷണിയാകുന്നത്. 2017 ല്‍ ഹാര്‍വെ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് ടെക്‌സസിലെ തീരപ്രദേശങ്ങളില്‍ ജീവിച്ച ആയിരക്കണക്കിന് ആളുകളാണ് ഉള്‍പ്രദേശങ്ങളിലേക്ക് കുടിയേറിയത്. വരുന്ന പതിറ്റാണ്ടുകളില്‍ ഇത്തരം സംഭവവികാസങ്ങള്‍ വലിയതോതില്‍ ആവര്‍ത്തിക്കുമെന്നും അതോടെ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും സതേണ്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറായ ബിസ്ട്രാ ഡില്‍ക്കിനയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമുദ്രനിരപ്പിലെ ഉയര്‍ച്ച മൂലമുണ്ടാകുന്ന കുടിയേറ്റ മാതൃകകള്‍ യന്ത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കിയ ആദ്യസംഘമാണ് ഇത്. പ്ലസ് വണ്‍ (Plos One) എന്ന ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠന റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടിയേറ്റ ജനത പിടിമുറുക്കും. ഇതോടെ തൊഴില്‍ രംഗങ്ങളില്‍ മത്സരം വര്‍ധിക്കുകയും വീടുകളുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യും. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും പ്രദേശവാസികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു.

ആഗോളതാപനം മൂലം വന്‍ തോതിലുണ്ടാകുന്ന മഞ്ഞുരുക്കം സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയ്ക്ക് പ്രധാന കാരണമാകുമെന്നാണ് കണ്ടെത്തല്‍. തെക്കന്‍ ഫ്‌ലോറിഡ, വടക്കന്‍ കരലൈന, വെര്‍ജീനിയ, ബോസ്റ്റണ്‍, ന്യൂ ഓര്‍ലിയന്‍സ് എന്നീ പ്രദേശങ്ങളിലെ തീരദേശ രേഖകള്‍ സമുദ്രനിരപ്പ് ആറടിയോളം ഉയരുന്നതോടെ മാറ്റി എഴുതപ്പെടും. ജനസംഖ്യയിലെ ഉയര്‍ച്ചയും സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഈ പഠന റിപ്പോര്‍ട്ട് നഗര നിര്‍മാണത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button