കല്‍പ്പറ്റ: വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം തടയുന്നതിന് നീക്കവുമായി ജില്ലാ ഭരണകൂടം. ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ജില്ലാകലക്ടര്‍ അദീല അബ്ദുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.
ജില്ലയിലെമ്പാടും ആദിവാസി കോളനികളില്‍ വിവിധ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. സ്വന്തം കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികള്‍ക്ക് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചു നല്‍കും. ആദിവാസികുഞ്ഞുങ്ങളില്‍ പോഷകാഹാരക്കുറവ് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അംഗന്‍വാടികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
വാസയോഗ്യമായ വീടുകള്‍ ഭൂരിപക്ഷം കുടുംബങ്ങള്‍ക്കുമില്ല എന്നതാണ് ഇതില്‍ പ്രധാനം. ഇതിനാല്‍ ചെറിയ കൂരകളില്‍ ഒന്നിലധികം കുടുംബങ്ങള്‍ കഴിയേണ്ടുന്ന അവസ്ഥ വര്‍ഷങ്ങളായി തുടരുകയാണ്. സര്‍ക്കാര്‍ തലത്തില്‍ ഭവനപദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴും ഭൂമിയില്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് ഇത്തരം പദ്ധതികള്‍ ഉപകരിക്കാതെ പോകുകയാണ്.
പല കോളനികളിലും വര്‍ഷങ്ങളായി പണിതീരാത്ത വീടുകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. കോളനികളിലേക്ക് ഭേദപ്പെട്ട റോഡില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നത്. വര്‍ഷങ്ങളായി സോളിങ് മാത്രം ചെയ്തതും മണ്‍റോഡുകള്‍ മാത്രമായതുമായ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമായിട്ടില്ല. ആദിവാസിമേഖലകളില്‍ അനുദിനം വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും ജില്ലാഭരണകൂടത്തെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ്.ഏതായാലും കോളനികളിലെ ഇത്തരം അവസ്ഥകള്‍ മാവോവാദികള്‍ മുതലെടുക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.
Post Your Comments