കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ ഇനി പണി കിട്ടും. 500 രൂപ പിഴയീടാക്കാനാണ് നഗരസഭയുടെ തീരുമാനം. വഴിയരികിലോ മറ്റു പൊതുയിടങ്ങളിലോ മലമൂത്ര വിസര്‍ജനം ചെയ്താലും 500 രൂപ പിഴയൊടുക്കേണ്ടി വരും. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പിഴചുമത്തല്‍ നടപടികളിലേക്ക് കടക്കുക.
കേരള മുനിസിപ്പല്‍ ആക്ട് 341 പ്രകാരം പിഴ ഈടാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുത്തത്. കാര്‍ക്കിച്ചു തുപ്പുക, മുറുക്കിത്തുപ്പുക എന്നതിന് പുറമെ പൊതുസ്ഥലങ്ങളില്‍ മുഖവും വായും കഴുകുന്നതും പിഴയുടെ പരിധിയില്‍ വരുത്തിയിട്ടുണ്ട്. നിലവില്‍ മുറുക്കിത്തുപ്പി വൃത്തിക്കേടായ സ്ഥലങ്ങള്‍ നഗരസഭ കഴുകി വൃത്തിയാക്കും. ശേഷം ഇത്തരം സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തും. മുറുക്കാന്‍ നല്‍കുന്ന കടകള്‍ക്ക് നോട്ടീസ് നല്‍കും. നിര്‍ദേശം ലംഘിക്കുന്നവരെ കണ്ടെത്താന്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കൊപ്പം പൊലീസിന്റെ സഹായവും ഉറപ്പുവരുത്തും.ബോധവല്‍ക്കരണം സംഘടിപ്പിക്കാനും നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുള്ളതായി നഗരസഭ അധികൃതര്‍ അറിയിച്ചു.
Post Your Comments