പൗരത്വ നിയമ ഭേദഗതി നിയമം നടപ്പിലാക്കുന്നത് തടയുന്നതിനുള്ള പ്രതിപക്ഷ കക്ഷികളുടെ ഉദ്യമം സുപ്രീം കോടതിയിൽ പരാജയപ്പെടുന്നതാണ് ഇന്ന് കണ്ടത്. ഹർജികൾ പരിഗണിക്കാനായി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് മുൻപാകെ ഇന്ന് വന്നപ്പോൾ നിയമം നടപ്പിലാക്കുന്നത് തടയണം എന്നതായിരുന്നു കപിൽ സിബലും മനു അഭിഷേക് സിംഗ്‌വിയും അടക്കമുള്ള വക്കീലന്മാർ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കുകയാണ് എന്നും അത് നടപ്പിലാക്കുകയും പൗരത്വം കൊടുക്കുകയും ചെയ്താൽ പിന്നീട് റദ്ദാക്കാൻ കഴിയില്ലെന്നും വരെ അവർ വാദിച്ചു. എന്നാൽ തല്ക്കാലം സ്റ്റേ അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എതിർ സത്യവാങ്മൂലം സമർപ്പിക്കാനായി നാലാഴ്ചത്തെ സമയം കേന്ദ്ര സർക്കാരിന് അനുവദിച്ചു. ഇനി അതിനുശേഷമാവും കോടതി കേസ് പരിഗണിക്കുക.
ഇവിടെ എന്തെങ്കിലും അടിയന്തര നടപടി കോടതി സ്വീകരിക്കുമെന്ന് ഇന്ന് സർക്കാർ പ്രതീക്ഷിച്ചു എന്ന് കരുതിക്കൂടാ. ആരും അങ്ങിനെ കരുതിയിരിക്കാനിടയില്ല. ഒരർഥത്തിൽ ഇതാണ് നടപടിക്രമം. അതൊക്കെ അറിയാത്തവരല്ല ഹര്ജിക്കാരും വക്കീലന്മാരും. എന്നാൽ എന്തൊക്കെയോ നടക്കാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കാനാണ് ഹർജികരായ രാഷ്ട്രീയക്കാർ രണ്ടുദിവസമായി ശ്രമിച്ചുവന്നത്. മാധ്യമങ്ങളും അത് ഏറ്റെടുത്തു. മാത്രമല്ല ഇന്നിപ്പോൾ കോടതി ഹർജി പരിഗണിക്കുന്നതിന് മുൻപായി കോടതിയിലേക്ക് ചില മാർച്ചുകൾ നടത്തി. ഹർജിക്കാരായ രാഷ്ട്രീയക്കാരേറെയും ഇന്ന് രാവിലെ കോടതിയിലെത്തുന്നതും കണ്ടു. എന്തൊക്കെയോ നടക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കേണ്ടത് രാഷ്ട്രീയക്കാരുടെ ആവശ്യമായിരിക്കാം. ജനങ്ങളെ അങ്ങിനെയൊക്കെയേ തെറ്റിദ്ധരിപ്പിക്കാൻ കഴിയു എന്നതാണോ അവരുടെ ചിന്ത എന്നതറിയില്ല.
ഈ കേസുകളിൽ പലതിലും എതിര്കക്ഷികൾക്ക് നോട്ടീസ് നടത്തിയിട്ടുപോലുമില്ല എന്നതാണ് സ്ഥിതി. ഹർജികൾ ദിവസവുമെന്നത് പോലെ ഫയലാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനും ഒരു നിലപാടെടുക്കാൻ കഴിയാതെ വരുന്നു. എന്തൊക്കെയാണ് ഹർജികളിൽ ഉന്നയിക്കുന്നത് എന്നത് പരിശോധിക്കാതെ സർക്കാരിന് അതിന്റെ നിലപാട് അറിയിക്കാനാവില്ലല്ലോ.
വേറൊന്ന് പ്രതിപക്ഷം ഏതാണ്ടൊക്കെ മടുത്ത മട്ടിലാണ് എന്ന തോന്നലുണ്ടാക്കുന്നു. കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ സമരം തുടരണമെന്നതാണ് അവരെ അലട്ടുന്നത്. അതേസമയം സമരവുമായി ഒരു പരിധിവിട്ട് പോകാനുമാവുന്നില്ല. അതൊരു ധർമ്മ സങ്കടമാണ്. കോൺഗ്രസ് ഭരണത്തിലുള്ള പല സംസ്ഥാനങ്ങളിലും ഒരു പ്രതിഷേധവുമില്ലാതായി. അതും വലിയ പ്രശ്നമാവുമെന്നതാണ് പ്രതിപക്ഷം ഭയപ്പെടുന്നത്. അതാണ് സ്റ്റേ-ക്കുവേണ്ടി അവർ ശ്രമിച്ചത്. ഇനി അത് നടക്കുമെന്ന് തോന്നുന്നില്ല. ഒന്നാമത്തേത്, കേസ് ഇനി എടുക്കുക അഞ്ചാഴ്ച കഴിഞ്ഞാണ്. അപ്പോൾ എന്താവും കോടതി പറയുക എന്നതുമാറിയില്ല. സമരവുമായി ഇങ്ങനെ എത്രനാൾ എന്നതിന് ഉത്തരവുമില്ല. അതിനിടയിൽ പാർലമെന്റ് സമ്മേളനം വരുന്നു. ദൽഹി നിയമസഭാ തിരഞ്ഞെടുപ്പും ഇതിനിടക്ക് നടക്കും. ഇതും കോൺഗ്രസിനെയും മറ്റ് പ്രതിപക്ഷ കക്ഷികളെയും അലട്ടുകയാണ്.
യഥാർഥത്തിൽ ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ ഒരു പൗരനെയും പുതിയ നിയമ ഭേദഗതി ബാധിക്കില്ല. പൗരന്മാർക്ക് ഭരണഘടന നൽകിയിട്ടുള്ള മൗലികാവകാശങ്ങൾ പൗരത്വ നിയമ ഭേദഗതി മൂലം ആർക്കും നഷ്ടപ്പെടില്ല എന്നർത്ഥം. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ മതപീഡനം നേരിട്ട് 2014 ഡിസംബർ 31 ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികളായിട്ടുള്ള വിദേശികൾക്കാണ് നിയമം ബാധകമാകുന്നത്. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള മുസ്ലീങ്ങൾ അടക്കമുള്ള മറ്റ് കുടിയേറ്റക്കാർക്ക് ഇത് ബാധകമല്ലതാനും.
തിരികെ ചെന്നാൽ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കിൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയിട്ടുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പാസ്പോർട്ട് അടക്കമുള്ള മതിയായ യാത്രാ രേഖകൾ ഇല്ലെങ്കിൽപോലും പൗരത്വത്തിന് അപേക്ഷിക്കാം. പൗരത്വ ഭേദഗതി നിയമം ഈ കുടിയേറ്റക്കാർക്ക് അതിനുള്ള നിയമപരമായ അവകാശം നൽകുന്നു. സ്വാഭാവികമായ നിയമ മാർഗ്ഗത്തിലൂടെ വേഗത്തിൽ പൗരത്വം ലഭിക്കാൻ അത് വഴിയൊരുങ്ങുമെന്നു മാത്രം. പൗരത്വം ലഭിക്കാൻ 12 വർഷത്തോളം ഇന്ത്യയിൽ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തിൽ ആറു വർഷമായി കുറച്ചിട്ടുണ്ട്. അത്രയേയുള്ളൂ. മുസ്ലിങ്ങൾക്ക് പൗരത്വം നിഷേധിക്കുന്നുമില്ല; ഇതേ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾക്ക് പൗരത്വ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള സ്വാഭാവിക നിയമ നടപടിക്രമങ്ങളിൽ കൂടിയോ, അഞ്ചാം വകുപ്പിലെ രജിസ്ട്രേഷൻ നടപടികളിൽ കൂടിയോ ഇന്ത്യൻ പൗരത്വം നേടാവുന്നതാണ് അല്ലെങ്കിൽ പൗരത്വത്തിന് അപേക്ഷിക്കാവുന്നതാണ്. പൗരത്വ ഭേഗദതി നിയമം ഇക്കാര്യങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റക്കാർക്ക് ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. യോഗ്യരാണെന്ന് വ്യക്തമായാൽ ഭാവിയിലും കുടിയേറ്റക്കാർക്ക് അവരുടെ മതമോ എണ്ണമോ നോക്കാതെ പൗരത്വം ലഭ്യമാക്കും. 2014-ലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കരാർ പ്രകാരം 14,864 ബംഗ്ലാദേശുകാർക്ക് ഇന്ത്യൻ പൗരത്വം നൽകിയിട്ടുണ്ട്. ഇവരെല്ലാവരും മുസ്ലീങ്ങളായിരുന്നു. 2838 പാക്കിസ്ഥാനികൾ, 914 അഫ്ഗാൻകാർ , 172 ബംഗ്ലാദേശികൾ എന്നിവർക്ക് മോഡി സർക്കാർ ഇന്ത്യൻ പൗരത്വം കൊടുത്തു. 1994-2008 കാലഘട്ടത്തിൽ 4 ലക്ഷം ലങ്കൻ തമിഴർക്ക് പൗരത്വം കൊടുത്തു. മുസ്ലിങ്ങളെ പുറത്താക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ മോഡി സർക്കാർ നടപ്പിലാക്കുന്നത് എന്നത് വെറും വ്യാജ പ്രചാരണമാണ് എന്ന് ഇതിൽനിന്ന് വ്യക്തമല്ലേ. എന്നാൽ പുതിയ നിയമം മുസ്ലിങ്ങൾക്കെതിരാണ് എന്ന് വരുത്തിത്തീർത്ത് കുഴപ്പമുണ്ടാക്കാനാണ് പ്രതിപക്ഷം തയ്യാറായത്. ആ നീക്കമാണ് ഇപ്പോൾ അവരെ തിരിച്ചടിക്കുന്നത്. മാത്രമല്ല, ഒരു കാരണവശാലും നിയമം നടപ്പിലാക്കുന്നതിൽ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിട്ടുമുണ്ട്. സർക്കാരിന്റെ നിലപാടുകളാണ് ഇവിടെയൊക്കെ വ്യക്തമാക്കപ്പെടുന്നത്.
Post Your Comments