Latest NewsNewsIndia

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നു

ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന് മരണങ്ങളുമുണ്ടായതായി ചൈനീസ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയുടെ അതിര്‍ത്തിക്ക് പുറത്ത് രോഗം പടര്‍ന്നതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്ന് ഇത് അന്താരാഷ്ട്ര അടിയന്തരാവസ്ഥയാണോ എന്ന് നിര്‍ണ്ണയിക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഈ പ്രത്യേക വൈറസ് മനുഷ്യരില്‍ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ല. ഇത് ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കും വ്യാപിച്ചു കഴിഞ്ഞു. രോഗികളെ കണ്ടെത്തുന്നതിനായി അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ചില യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.

നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2019-nCoV-യില്‍ നിന്ന് അമേരിക്കന്‍ പൊതുജനങ്ങള്‍ക്കിടയില്‍ അപകടസാധ്യത നിലവില്‍ കുറവാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സിഡിസി സജീവമായ തയ്യാറെടുപ്പ് മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്ന് സിഡിസിയുടെ പ്രസ്താവനയില്‍ പറയുന്നു.

വൈറസ് ഉത്ഭവിച്ച ചൈനയിലെ വുഹാനില്‍ നിന്ന് നേരിട്ടോ അനുബന്ധമായ വിമാനങ്ങളില്‍ അമേരിക്കയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് സ്ക്രീനിംഗ് പരിമിതപ്പെടുത്തുമെന്ന് സിഡിസി അറിയിച്ചു. സാന്‍ ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളം, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം, ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കുന്നത്.

വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ താപനില എടുക്കുകയും രോഗലക്ഷണ ചോദ്യാവലി പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവ വൈറസിന്റെ ലക്ഷണങ്ങളാണ്. വിമാനത്താവളത്തില്‍ ഈ ലക്ഷണങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തുന്ന യാത്രക്കാര്‍ക്ക് അധിക ആരോഗ്യ വിലയിരുത്തലിന് വിധേയമാകാം.

ജലദോഷം മുതല്‍ കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വരെയുള്ള വൈറസുകളുടെ കുടുംബത്തിന്റെ ഭാഗമാണ് കൊറോണ വൈറസുകള്‍ എന്ന് സിഡിസി അഭിപ്രായപ്പെടുന്നു. വൈറസിന്റെ ഈ പ്രത്യേക ലക്ഷണം ഒരുതരം ന്യുമോണിയയ്ക്ക് കാരണമാകുന്നു. ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യ സമ്പര്‍ക്കത്തിലൂടെയും വ്യാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പല രോഗികള്‍ക്കും വുഹാനിലെ ഒരു സീഫുഡ് സ്ഥാപനമായും, മൃഗ വില്പന മാര്‍ക്കറ്റുമായും സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇത് വൈറസ് തുടക്കത്തില്‍ മൃഗങ്ങളില്‍ നിന്ന് ആളുകളിലേക്ക് പടരുന്നു എന്ന വിശ്വാസത്തിന് കാരണമായി. ചില രോഗികള്‍ക്ക് മൃഗവിപണിയില്‍ ഒരു എക്സ്പോഷറും ഉണ്ടായിട്ടില്ല. ഇത് മനുഷ്യ സമ്പര്‍ക്കത്തിലൂടെയും വൈറസ് പടരാന്‍ കാരണമാകുന്നു എന്ന് സിഡിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ മാരകമായ കേസുകളില്‍, കൊറോണ വൈറസുകള്‍ ന്യുമോണിയ, വൃക്ക തകരാറ്, മരണം എന്നിവയ്ക്ക് കാരണമാകും. നിലവിലെ കൊറോണ വൈറസിന് ഇരയായ മൂന്ന് പേര്‍ക്കും നേരത്തെ രോഗങ്ങളുണ്ടായിരുന്നുവെന്ന് സിഡിസി പറയുന്നു .

ജനിതക കോഡിന്റെ വിശകലനത്തില്‍ വൈറസ് കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിന്‍‌ഡ്രോമുമായി (SARS) സാമ്യമുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 2003 ഫെബ്രുവരിയിലാണ് ഏഷ്യയില്‍ SARS ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അത് നിയന്ത്രിതമാക്കുന്നതിനു മുമ്പ് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി സിഡിസി റിപ്പോര്‍ട്ട് ചെയ്തു. പൊട്ടിപ്പുറപ്പെട്ട സമയത്ത് കുറഞ്ഞത് 8,000 ആളുകള്‍ SARS രോഗബാധിതരായി. 800 ഓളം പേര്‍ മരിച്ചു.

കൊറോണ വൈറസുകള്‍ക്ക് പ്രത്യേക ചികിത്സയില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ ഡോ. മരിയ വാന്‍ കെര്‍കോവ് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, ഓരോ വൈറസിന്റെയും പ്രത്യേക ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കാവുന്നതാണ്.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, തുമ്മുമ്പോള്‍ കൈമുട്ടുകൊണ്ട് തടയുക തുടങ്ങിയ അടിസ്ഥാന ശ്വസന ശുചിത്വം പാലിക്കുന്നതിലൂടെ ആളുകള്‍ക്ക് അണുബാധയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ സഹായകമാകും. എല്ലാ മാംസവും കഴിക്കുന്നതിനുമുമ്പ് ശരിയായി പാകം ചെയ്യുന്നുണ്ടെന്നും, ജീവിച്ചിരിക്കുന്ന മൃഗങ്ങളുമായുള്ള അനാവശ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നും കെര്‍കോവ് അഭിപ്രായപ്പെടുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button