പ്രായഭേദമന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ പലരും. മാറിയ ജീവിത ശൈലികളും ഭക്ഷണ രീതികളുമാണ് പ്രധാനമായും ചെറുപ്രയത്തിലും നടുവേദനയുണ്ടാവന്‍ കാരണം. വ്യായാമക്കുറവ്, പുതിയ തൊഴില്‍ രീതി, വാഹനങ്ങളുടെ അമിത ഉപയോഗം എന്നിവയും നടുവേദനക്ക് കാരണമാകും. നടുവേദനയെടുക്കുമ്പോള്‍ സ്വയം ചികിത്സിക്കുന്നതാണ് പ്രശ്നം രൂക്ഷമാവന്‍ കാരണം. ഇതിന് പകരം ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
ദിവസവും മണിക്കൂറുകളോളം ഇരുന്നോ നിന്നോ ജോലി ചെയ്യുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും നടുവേദന വരാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകളിലാണ് അസുഖം കൂടുതലായി കാണുന്നത്. നട്ടെല്ലിന് തേയ്മാനം സംഭവിക്കുന്നതും ഡിസ്‌ക് തേയ്മാനവും നടുവേദന കാരണമാകാം. നട്ടെല്ലിലെ കശേരുക്കളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാം. ഇതോടൊപ്പം സന്ധിവാതം മൂലവും നടുവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്പോണ്ടിലൈറ്റിസ് എന്ന രോഗം മൂലവും നടുവേദന ഉണ്ടാകും. ചെറുപ്പക്കാരില്‍ കാണുന്ന നടുവേദനയ്ക്ക് പിന്നില്‍ പലപ്പോഴും ഈ രോഗമാണ് കാരണം. നടുവേദന ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കാനും സാധ്യതയുണ്ട്.
നടുവേദന ചില പരിഹാരങ്ങള്‍
പലപ്പോഴും മതിയായ വിശ്രമം ലഭിച്ചാല്‍ നടുവേദനയ്ക്ക് പരിഹാരം ഉണ്ടാവാറുണ്ട്. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേദനക്കുള്ള മരുന്നുകള്‍ കഴിക്കുന്നതും സഹായിക്കും. കൃത്യമായ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളെ ആരോഗ്യമുള്ളതാക്കാനും നടുവിന്റെ ആരോഗ്യം വീണ്ടെടുക്കുവാനും സാധിക്കും. കഴുത്തും ഇടുപ്പും അനക്കിക്കൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക. വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നത് നടുവേദനയെ ഒരു പരിധി വരെ അകറ്റാന്‍ സഹായിക്കും.
ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നടുവേദനയില്‍ നിന്ന് രക്ഷപ്പെടാം. തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്കിടെ എഴുന്നേറ്റ് നടക്കുന്നത് നന്നാകും. നടുവിന് കൃത്യമായ താങ്ങ് കൊടുക്കുന്ന തരത്തിലുള്ള കസേരകള്‍ ഉപയോഗിക്കുന്നത് സഹായിക്കും. നട്ടെല്ല് നിവര്‍ന്ന് വേണം ജോലി ചെയ്യാന്‍. ഇത്തരം ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇരുന്ന് ജോലി ചെയ്യുന്നവരില്‍ സാധാരണ കണ്ട് വരുന്ന നടുവേദനയ്ക്ക് പരിഹാരമാവും.
വാഹനമോടിക്കുമ്പോള്‍ ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് വാഹനം നിര്‍ത്തുന്നത് നടുവിന് വിശ്രമം കിട്ടാന്‍ സഹായിക്കും. തുടര്‍ച്ചയായി നടുവേദനയുണ്ടാവുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തേടുകയാണ് ഏറ്റവും നല്ലത്. കാരണം അറിയാതെയുള്ള മുറിവൈദ്യം ഗുണതേക്കാള്‍ ഏറെ ദോഷം ചെയ്യും. നടുവേദന പൂര്‍ണമായും മാറ്റാനുള്ള ചികിത്സ മാര്‍ഗങ്ങളും ഇന്ന് ലഭ്യമാണ്. മരുന്നിലൂടെയും മാറാത്ത നടുവേദനയുള്ളവരെ സര്‍ജറിക്ക് വിധേയമാക്കും. ഡിസ്‌ക് സര്‍ജറി ഉള്‍പ്പെടെയുള്ള ചികിത്സകളാണ് ഇതിനായി നടത്തുക. പ്രശ്നമുള്ള ഡിസ്‌ക് മാറ്റി വയ്ക്കാനുള്ള ശസ്ത്രക്രിയയും ഇന്ന് നിലവിലുണ്ട്. കൃത്രിമമായ ഡിസ്‌ക് വച്ചാകും ഇത് പരിഹരിക്കുന്നത്.
Post Your Comments