അബുദാബി : എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ആകെ മാറ്റം . എസ്എസ്എല്‍സി പരീക്ഷ രാവിലെ ആക്കിയതോടെ പരീക്ഷകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കൂടുതല്‍ ഇന്‍വിജിലേറ്റര്‍മാരെ വേണ്ടിവരും. പ്ലസ്1, പ്ലസ്2, എസ്എസ്എല്‍സി എന്നീ 3 പരീക്ഷകള്‍ ഒരേ സമയമായതിനാലാണിത്. പരീക്ഷാ നടത്തിപ്പിനു കൂടുതല്‍ ക്ലാസ് മുറികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌കൂളുകള്‍. സമ്മിശ്ര പരീക്ഷയ്ക്കായി വിദ്യാര്‍ഥികളുടെ പുനഃക്രമീകരണവും നടത്തേണ്ടതുണ്ട്.
ഈ മാതൃകയില്‍ തന്നെ മോഡല്‍ പരീക്ഷ നടത്തി തയാറെടുപ്പ് പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് യുഎഇയിലെ സ്‌കൂളുകള്‍. ഫെബ്രുവരി 11ന് മോഡല്‍ പരീക്ഷ നടത്താനാണ് നിര്‍ദേശം. ഗള്‍ഫില്‍ യുഎഇയില്‍ മാത്രമാണ് എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രമുള്ളത്. പരീക്ഷാ ഡ്യൂട്ടിക്കായി വിവിധ സ്‌കൂളുകളില്‍നിന്ന് കൂടുതല്‍ ഇന്‍വിജിലേറ്റേഴ്‌സിനെ കൊണ്ടുവരുന്നത് ഇവിടത്തെ സ്‌കൂളുകള്‍ക്കും ചെലവേറും. നാട്ടില്‍നിന്ന് പരീക്ഷാ ചുമതലയ്ക്കായി എത്തുന്ന ഡപ്യൂട്ടി ചീഫ് സൂപ്പരിന്റന്റുമാരുടെ വീസ, വിമാന ടിക്കറ്റ്, താമസം തുടങ്ങിയ ചെലവുകള്‍ ഇവിടത്തെ സ്‌കൂളുകളാണ് വഹിച്ചുവരുന്നത്.
കഴിഞ്ഞ വര്‍ഷംവരെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും എസ്എസ്എല്‍സി പരീക്ഷകള്‍ ഉച്ചയ്ക്കുമായിരുന്നു നടത്തിയിരുന്നത്. എസ്എസ്എല്‍സിക്ക് ഒരു ക്ലാസില്‍ ഇരുപതും ഹയര്‍ സെക്കന്‍ഡറിക്കു മുപ്പതും വിദ്യാര്‍ഥികളുണ്ടായിരുന്നു. പുതിയ പരിഷ്‌കാരം അനുസരിച്ച് ഒരു ക്ലാസില്‍ 30 മുതല്‍ 39 വരെ വിദ്യാര്‍ഥികളെ ഇരുത്താനാണ് ഉത്തരവ്. ഇരുപരീക്ഷകളും രാവിലെ നടത്തുകയും ചെയ്യും.
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10ന് തുടങ്ങി 26ന് അവസാനിക്കും.
Post Your Comments