ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള പ്രതിഷേധം വേണമെന്നാണ് ഹൈക്കമാൻഡ് നിലപാടെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം സംബന്ധിച്ച് സംസ്ഥാന ഘടകത്തിലുണ്ടായിരിക്കുന്ന ഭിന്നനിലപാട് വിവാദമായതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന. ഭരിക്കാൻ വേണ്ടി ഉണ്ടാക്കുന്ന കൂട്ടുകെട്ടും രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഉണ്ടാക്കുന്ന കൂട്ടുകെട്ടും വ്യത്യാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഘടകത്തിന്റെ ഭിന്നനിലപാടില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രംഗത്തെത്തിയിരുന്നു. സിപിഐഎമ്മിനൊപ്പമുള്ള സംയുക്തപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങളാണ് കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിച്ചത്. സംയുക്തപ്രതിഷേധത്തിന്റെ എല്ലാ ക്രെഡിറ്റും സിപിഎമ്മിനെന്ന നിലയിലേക്കെത്തിക്കരുതെന്നും കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മില്‍ വിഷയത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകരുതെന്നും സോണിയ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എന്നിവര്‍ സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പൗരത്വ പ്രക്ഷോഭത്തില്‍ ഇനി സിപിഎമ്മുമായി യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന് മുല്ലപ്പള്ളിയുടെ സാന്നിധ്യത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
പൗരത്വനിയമഭേദഗതി, കെപിസിസി പുനസംഘടന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ദില്ലിയിലെത്തിയതായിരുന്നു കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍. സര്‍ക്കാരുമായി യോജിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളി തള്ളി പറഞ്ഞതോടെയാണ് സംയുക്തപ്രക്ഷോഭമെന്ന വിഷയം ചൂടുപിടിച്ചത്. ഒരു വിഭാഗം നേതാക്കള്‍ മുല്ലപ്പള്ളിക്കൊപ്പവും ഒരു വിഭാഗം ചെന്നിത്തലക്കൊപ്പവും നിന്നു. സിപിഎമ്മാകട്ടെ കോണ്‍ഗ്രസിലെ തമ്മിലടി തുറന്നുകാട്ടിയതിനൊപ്പം മുല്ലപ്പള്ളിയെ രൂക്ഷമായിവിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ചെന്നിത്തലയോ ഉമ്മന്‍ചാണ്ടിയോ ഇതിനെ പ്രതിരോധിച്ചില്ല.
Post Your Comments