തിരുവനന്തപുരം : ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ലെന്നും ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായെന്നും യെച്ചൂരി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ തുടർന്നാണ് ഇത്തരമൊരു പരാമർശവുമായി യെച്ചൂരി രംഗത്തെത്തിയത്.
പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരും വിരുദ്ധവുമാണ്. മാത്രമല്ല മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആർഎസ് എസിന്റെ വർഗീയ അജണ്ടയുമാണിത്. രാജ്യത്ത് പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. പ്രതിഷേധങ്ങളില്‍ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മധ്യവർഗ്ഗത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്. പൗരത്വരജിസ്റ്ററിലേക്കുള്ള വഴിയാണ് ജനസംഖ്യാരജിസ്റ്റര്‍. കണ്ണിൽ പൊടിയിടാനാണ് ജനസംഖ്യാ രജിസ്റ്റര്‍(NPR) സെൻസസിന്റെ ഭാഗമെന്ന് പറയുന്നത്. സെൻസസ് ആകാം,പക്ഷേ എന്‍പിആര്‍ വേണ്ട. എന്‍പിആറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി തരില്ലെന്ന് പറയാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുമെന്നും എന്‍പിആറിന്‍റെ നടപടികൾ നിർത്തിവയ്ക്കാൻ ബിജെപി ഭരണത്തില്‍ അല്ലാത്ത സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും യെച്ചൂരി പറയുന്നു.
രാഷ്ട്രീയ കാര്യങ്ങളിൽ സൈനിക ഓഫീസർമാർ ഇടപെടുന്നത് അവസാനിപ്പിക്കണം. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല. കശ്മീരിൽ ഡീറാഡിക്കലൈസിംഗ് ക്യാമ്പുകൾ ഉണ്ടെന്ന സൈനിക മേധാവിയുടെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. രാജ്യം നരേന്ദ്രമോദിയുടെ ഭരണത്തിൽ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. കേരളത്തോട് കേന്ദ്രം വിവേചനം കാട്ടുന്നു.കേന്ദ്രവിഹിതം 24000 കോടിയിൽനിന്ന് 16000 കോടിയായി വെട്ടിക്കുറച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസം തരാതെയും കേരളത്തെ തഴഞ്ഞു. കേരളം കേന്ദ്ര നിലപാടുകൾക്ക് ഒപ്പം നിൽക്കാത്തതുകൊണ്ടാണിതെന്നും യെച്ചൂരി ആരോപിച്ചു.
Post Your Comments