ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ച എഞ്ചിനിയറിന്റെ ജന്മദിനം വിപുലമായ പരിപാടികളോടെ തമിഴ്നാട് ആഘോഷിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനവരി 15 തമിഴ്നാട് പൊതു അവധിയാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നൂറ്റിയൊൻപതാം ജന്മദിനത്തിലാണ് ആദരസൂചകമായുള്ള പ്രഖ്യാപനം. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ലോവർക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തിൽ മാല ചാർത്തി.
അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് ഇവിടങ്ങളിലെ ജനങ്ങൾ കാണുന്നത്. വരണ്ടുകിടന്ന തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡികൽ, രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ, മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതോടെ വെള്ളം ലഭിക്കാൻ തുടങ്ങി. എല്ലാ വർഷവും ജന്മദിനത്തിൽ ആഘോഷപരിപാടികൾ നടത്താറുണ്ട്. ഈ ദിനം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടുവരുകയായിരുന്നു.
1895-ൽ മുല്ലപ്പെരിയാർ ഡാം നിർമാണം പൂർത്തിയായി. ജോൺ പെന്നിക്വിക്ക് ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു. 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമാണത്തിന് നേതൃത്വം നൽകി. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.
Post Your Comments