ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ വിഷയം ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനുള്ള പാക്കിസ്ഥാന് ശ്രമങ്ങള്‍ക്കു വീണ്ടും തിരിച്ചടി. കാഷ്മീര്‍ സംബന്ധിച്ച് രക്ഷാസമിതി യോഗത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്ന് ഒരു പ്രതിനിധി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വളരെ കുറച്ച് ചര്‍ച്ചകള്‍ മാത്രമാണു നടന്നതെന്ന് ഒരു യൂറോപ്യന്‍ പ്രതിനിധി പ്രതികരിച്ചു.
കാഷ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണെന്നും ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നുമായിരുന്നു മറ്റൊരു ഉന്നത യൂറോപ്യന്‍ പ്രതിനിധിയുടെ മറുപടി. യോഗം വിഷയം കാര്യമായി ചര്‍ച്ച ചെയ്തില്ലെന്ന വിധത്തിലാണു ചൈനീസ് അംബാസഡറും യോഗത്തിനുശേഷം പ്രതികരിച്ചത്.വിഷയം ചര്‍ച്ച ചെയ്യാനുള്ള ഇടം ഇതല്ലെന്നു രക്ഷാസമിതിയില്‍ അംഗങ്ങളായ ഭൂരിഭാഗം രാജ്യങ്ങളും പാക്കിസ്ഥാന് സഖ്യകക്ഷിയായ ചൈനയെ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുടെ ആവശ്യപ്രകാരമാണു കാഷ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാസമിതി അടച്ചിട്ട മുറിയില്‍ യോഗം ചേര്‍ന്നത്. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370 ാം വകുപ്പ് റദ്ദുചെയ്യുകയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തടവിലിടുകയും വ്യാപകമായ നിരോധനാജ്ഞകളും ഇന്റര്‍നെറ്റ് നിരോധനവും നടപ്പാക്കുകയും ചെയ്ത വിഷയത്തിലായിരുന്നു നോട്ടീസ്.അഞ്ചു മാസത്തിനിടെ ഇതു രണ്ടാം തവണയാണു കാഷ്മീര്‍ വിഷയത്തില്‍ യുഎന്‍ രക്ഷാ സമിതി ക്ലോസഡ് ഡോര്‍ യോഗം ചേരുന്നത്.
യുഎസ്, ഫ്രാന്‍സ്, റഷ്യ, യുകെ, എന്നിവരാണ് ചൈനയെ കൂടാതെ യുഎന്‍ രക്ഷാ സമിതിയിലുള്ള സ്ഥിരാംഗങ്ങള്‍. ചര്‍ച്ചകളില്‍ പാക്കിസ്ഥാനും ഇന്ത്യയും പങ്കെടുക്കില്ല. അടഞ്ഞ വാതില്‍ ചര്‍ച്ചകളില്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരം അംഗങ്ങളെ മാത്രമേ ക്ഷണിക്കാറുള്ളു.
കാഷ്മീര്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും ഉഭയകക്ഷി വിഷയമാണെന്നായിരുന്നു ഓഗസ്റ്റില്‍ നടന്ന ആദ്യ യോഗത്തില്‍ ഭൂരിപക്ഷം രാജ്യങ്ങളും എടുത്ത തീരുമാനം.
Post Your Comments