തിരുവനന്തപുരം : പ്രശസ്ത ആശുപത്രിയുടെ പേരില്‍ ഇ-മെയില്‍, ജോലി വാഗ്ദാനം ചെയ്ത് മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി . തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ് രംഗത്തുവന്നു. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃത്രിമമായി ഇ-മെയില്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് സൈബര്‍ ക്രൈം പൊലീസ് നൈജീരിയന്‍ സ്വദേശിയായ കൊലവോല ബോബോയെ മുംബൈയില്‍ നിന്ന് പിടികൂടിയത്.
പ്രമുഖ തൊഴില്‍ ലഭ്യതാ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരെയാണ് ജോലി വാഗ്ദാനം ചെയ്ത് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്. ഷൈന്‍ വെബ്സൈറ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളുടെ പേരും വിവരങ്ങളും മനസിലാക്കുന്ന സംഘം നിങ്ങള്‍ക്ക് അമേരിക്കയിലെ പ്രശസ്തമായ ഫ്‌ലവേഴ്‌സ് ഹോസ്പിറ്റലില്‍ ജോലി ലഭിച്ചു എന്ന് പറഞ്ഞ് ഒരു ഇ-മെയില്‍ അയക്കും. ഇതിനായി ഫ്‌ളവേഴ്‌സ് ആശുപത്രിയുടെ ഇ മെയിലിനോട് സാമ്യമുളള മറ്റൊരു മെയില്‍ കൃത്രിമമായി നിര്‍മ്മിക്കും.
കൂടാതെ വിശ്വാസം വരാന്‍ അമേരിക്കാന്‍ എംബസിയില്‍ നിന്നാണെന്നും, ഫ്‌ളവേഴ്‌സ് ആശുപത്രിയില്‍ ജോലി ലഭിച്ചതായി എംബസിക്ക് അറിയിപ്പ് ലഭിച്ചു എന്നും ഉദ്യോഗാര്‍ത്ഥിയെ പറഞ്ഞ് വിശ്വസിപ്പിക്കും. അമേരിക്കന്‍ ഉച്ഛാരണശൈലിയിലുളള ഫോണ്‍വിളിയും, എംബസിയുടെ പേരും എല്ലാം കേട്ട് വിശ്വസിച്ചിരിക്കുന്ന ഉദ്യോഗാര്‍ത്ഥിയോട് ആപ്ലിക്കേഷന്‍ ഫീസ് ആയി 10000 രൂപ അടക്കാന്‍ ആവശ്യപ്പെടും. പ്രമുഖ ആശുപത്രിയിലെ മോഹശമ്ബളത്തില്‍ മയങ്ങി ഉദ്യോഗാര്‍ത്ഥി പണം അടക്കുന്നതോടെ ഇവരുടെ വലയിലാവും.
പിന്നീട് വിസ ചാര്‍ജ്ജ് എന്ന പേരില്‍ രണ്ട് ലക്ഷവും, ആന്റി ടെററിസ്റ്റ് ഫണ്ട്, മെഡിക്കല്‍ ക്ളിയറന്‍സ് ഫണ്ട്, അമേരിക്കന്‍ ഇന്റിലന്‍സ് ക്ളിയറന്‍സ്, എന്നീ സര്‍വ്വീസുകള്‍ക്കായി വീണ്ടും വീണ്ടും ലക്ഷങ്ങള്‍ ആവശ്യപ്പെടും. ഐസിഐസിഐ ബാങ്കിന്റെ മുംബൈ ശാഖയിലേക്കാണ് പണം അയക്കാന്‍ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യലുളള നിരക്ഷരരായ ഏതെങ്കിലും പാവപ്പെട്ടവരുടെ പേരില്‍ എടുത്ത ബാങ്ക് അക്കൗണ്ട് ആകും ഇത്. ഇവര്‍ക്ക് ചെറിയ പ്രതിഫലം നല്‍കി സംഘം എടിഎം കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ കൈവശപ്പെടുത്തും. തുടര്‍ന്നാണ് നൈജീരിയന്‍ സംഘം തട്ടിപ്പ് ആരംഭിക്കുന്നത്.
വിദേശത്ത് നിന്നെന്ന പേരില്‍ ഉദ്യോഗാര്‍ത്ഥിയെ ബന്ധപ്പെടാന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കും. ഇതോടെ വിദേശ നമ്ബരില്‍ നിന്നാവും ഉദ്യോഗാര്‍ത്ഥിക്ക് കോള്‍ വരിക. ഇപ്രകാരം നൈജീരിയന്‍ സ്വദേശിയായ കൊലവോലെ ബോബേ നിരവധിപേരെ വഞ്ചിച്ചതായിട്ടാണ് വിവരം. പ്രതിയില്‍ നിന്ന് നിരവധി സിംകാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍,നാല് ലാപ്ടോപുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നീവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാല്‍ അത് സൈബര്‍ ക്രൈംപൊലീസുമായി ബന്ധപ്പെട്ടോ, നോര്‍ക്കാ റൂട്ട്സ് വഴിയോ ബന്ധപ്പെട്ട ശേഷം മാത്രമേ പണം കൈമാറാവു എന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments