ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മിലുളള ദീര്‍ഘകാല ക്രൂഡ് ഓയില്‍ കരാര്‍ ഉടന്‍ ഒപ്പിടുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനും തമ്മില്‍ വ്‌ളാഡിവോസ്‌റ്റോക്കില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് അഞ്ചുവര്‍ഷത്തേക്കുള്ള കരാറുകള്‍ ഒപ്പിടുന്നത്.
ഗള്‍ഫ് മേഖലയിലെ ഭാവിയിലുണ്ടാകാന്‍ സാധ്യതയുളള എണ്ണ വിപണിയിലെ ചാഞ്ചാട്ടവും യുദ്ധ സമാന അന്തരീക്ഷവും റഷ്യയുമായുള്ള കരാര്‍ ദീര്‍ഘകാലത്തേക്ക് തീരുമാനിക്കുന്നത് ഗുണകരമാകുമെന്നാണ് പെട്രോളിയം മന്ത്രാലയം കരുതുന്നത്.
ഇന്ത്യയുടെ പെട്രോളിയം മന്ത്രാലയവും റഷ്യയുടെ ഏറ്റവും വലിയ പൊതു എണ്ണ ഉല്‍പ്പാദക കമ്പനിയായ റോസ്സ്‌നെഫ്റ്റും തമ്മിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ‘ഇരു രാജ്യങ്ങളും മുന്നേകൂട്ടി സംസാരിച്ച വിഷയമായതിനാല്‍ എണ്ണ, പ്രകൃതി വാതക കരാര്‍ ഉടന്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ദീര്‍ഘകാലകരാറിലൂടെ കൂടുതല്‍ ശക്തമായ ബന്ധമാണ് റഷ്യയുമായി ഇന്ത്യ ഉണ്ടാക്കുന്നത്. എണ്ണയും പ്രകൃതിവാതകവും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനത്തക്കുറിച്ചുള്ള നിര്‍ണ്ണായക ചര്‍ച്ചകളും നടക്കുകയാണ്.’ എണ്ണ പ്രകൃതി വാതക മന്ത്രാലയം വക്താവ് അറിയിച്ചു.
എണ്ണക്ക് പുറമേ പ്രകൃതി വാതകത്തിന്റെ ഇടപാടും ചര്‍ച്ചയാകുന്നുണ്ട്. പ്രകൃതി വാതകരംഗത്തെ അന്താരാഷ്ട്ര ഭീമനായ നൊവാടെക്കുമായും ഇന്ത്യ കരാര്‍ ഒപ്പിടുന്നുണ്ട്.റഷ്യയുടെ ശക്തമായ എണ്ണ മേഖല കിഴക്കന്‍ മേഖലകളാണ്. കനത്ത മഞ്ഞുമൂടിയ സൈബീരിയന്‍ പ്രദേശങ്ങളും പെസഫിക് കടലും എല്ലാം ചേര്‍ന്നുളള പ്രദേശം വന്‍ എണ്ണ നിക്ഷേപ കേന്ദ്രങ്ങളാണ്. കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കാനുള്ള കരാറുകളില്‍ റഷ്യക്ക് ഇന്ത്യയുടെ ദീര്‍ഘകാല കരാര്‍ കൂടുതല്‍ ഗുണകരമാകുമെന്നാണ് റഷ്യ കരുതുന്നത്.
Post Your Comments