Latest NewsNewsIndia

ഉക്രെയിന്‍ വിമാനാക്രമണം: പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന് ട്രം‌പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാനില്‍ നടക്കുന്ന പ്രകടനങ്ങളെ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. യാത്രാ വിമാനം വെടിവെച്ചിട്ടതായി ടെഹ്റാന്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പുതിയ ‘കൂട്ടക്കൊല’യ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

176 പേരുടെ മരണത്തിനടയാക്കിയ ഉക്രേനിയന്‍ ജെറ്റ്‌ലൈനറെ തെറ്റിദ്ധാരണയുടെ പേരില്‍ വെടിവെച്ചിട്ടതായി ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണമാണെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ ഇറാന്‍ ആദ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി. ഇറാഖിലെ അമേരിക്കന്‍ സേനാ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉക്രേനിയന്‍ വിമാനം വെടിവെച്ചിട്ടത്.

ദുരന്തത്തെക്കുറിച്ചുള്ള സൈനിക അന്വേഷണത്തില്‍ ബോയിംഗ് 737 വിമാനത്തെ തകര്‍ത്ത മിസൈലുകള്‍ കണ്ടെത്തിയതായി പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയില്‍ ഇറാനിയന്‍ അധികൃതര്‍ ബ്രിട്ടന്‍റെ അംബാസഡറെ തടഞ്ഞുവെച്ചു. അന്താരാഷ്ട്ര നിയമ ലംഘനമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വിശേഷിപ്പിച്ചതോടെ അംബാസഡറെ മോചിപ്പിക്കുകയും ചെയ്തു.

ഇറാനിലെ പ്രകടനങ്ങള്‍ താന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രസിഡന്റ് ട്രംപ് ഇറാനികളോട് ഇംഗ്ലീഷിലും ഫാര്‍സിയിലും ട്വീറ്റ് ചെയ്തു. ‘ഞാന്‍ നിങ്ങളോടൊപ്പമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇറാനിലെ ധീരരും ദീര്‍ഘക്ഷമയുള്ളവരുമായ ജനങ്ങളോട്: എന്‍റെ പ്രസിഡന്‍സിയുടെ തുടക്കം മുതല്‍ ഞാന്‍ നിങ്ങളോടൊപ്പം നിന്നു, എന്‍റെ അഡ്മിനിസ്ട്രേഷന്‍ നിങ്ങളോടൊപ്പം തുടരും,’ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

‘സമാധാനപരമായ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാനോ ഇന്‍റര്‍നെറ്റ് അടച്ചുപൂട്ടാനോ കഴിയില്ല. ലോകം ഉറ്റുനോക്കുകയാണ്,’ നവംബറില്‍ ഉണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ അടിച്ചമര്‍ത്തലിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു,’ അദ്ദേഹം പറഞ്ഞു.

നവംബറിലുണ്ടായ തെരുവ് പ്രതിഷേധത്തിനെതിരെ ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പ്രകടനങ്ങള്‍. മുന്നൂറിലധികം പേര്‍ മരിച്ചതായി ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ അറിയിച്ചു.

മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയര്‍പ്പിക്കാന്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടാന്‍ ശ്രമിക്കുന്നതിനിടെ ഒന്നിലധികം ഇറാനിയന്‍ പ്രവിശ്യകളില്‍ ഇന്‍റര്‍നെറ്റ് പ്രവേശനം നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

വിമാനം തകര്‍ത്തതിനെക്കുറിച്ച് ഇറാന്‍ പൂര്‍ണ്ണ വിവരണം നല്‍കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. മരിച്ചവരില്‍ 57 കനേഡിയന്‍മാരും ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിലെ പരമോന്നത നേതാവ് അയാത്തൊള്ള അലി ഖൊമൈനിയും അനുശോചനം രേഖപ്പെടുത്തി. ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് സായുധ സേനയോട് ആവശ്യപ്പെട്ടു.

ഉക്രെയിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന അമേരിക്കയുടേയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടേയും അവകാശവാദം ഇറാനിലെ ഉദ്യോഗസ്ഥര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ടെഹ്റാന്‍റെ കുറ്റസമ്മതം.

യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനിലെ ഉന്നത ജനറല്‍ കാസെം സൊലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടിയായി ടെഹ്റാന്‍ ഇറാഖിലെ അമേരിക്കന്‍ സേനാ താവളങ്ങളില്‍ മിസൈലുകള്‍ വിക്ഷേപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്.

ഇറാനും ഇറാന്‍ ശത്രുവായി കാണുന്ന അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന ഭയം വര്‍ദ്ധിച്ചുവെങ്കിലും അമേരിക്കന്‍ താവളങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നും ഭയപ്പെടേണ്ടതില്ലെന്നും ട്രംപ് പറഞ്ഞതിനെത്തുടര്‍ന്നാണ് ആശങ്കകള്‍ക്ക് വിരാമമായത്.

മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ടെഹ്റാനിലെ അമീര്‍ കബീര്‍ യൂണിവേഴ്സിറ്റിയില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികളെ ശനിയാഴ്ച വൈകീട്ട് പോലീസ് പിരിച്ചുവിട്ടു. നൂറുകണക്കിന് ആളുകള്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ത്ഥികളെ പിരിച്ചുവിട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, യുകെ പ്രതിനിധി റോബ് മക്കെയറിനെ കസ്റ്റഡിയിലെടുത്തതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. അടിസ്ഥാനമോ വിശദീകരണമോ ഇല്ലാതെ ടെഹ്റാനിലെ ഞങ്ങളുടെ അംബാസഡറെ അറസ്റ്റ് ചെയ്യുന്നത് അന്താരാഷ്ട്ര നിയമത്തിന്‍റെ നഗ്നമായ ലംഘനമാണെന്ന് റാബ് പ്രസ്താവനയില്‍ പറഞ്ഞു. ഇറാന്‍ മാപ്പ് പറയണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് അംബാസഡര്‍ വിദ്യാർത്ഥികൾക്കിടയിൽ പ്രകോപനപരമായ പ്രസ്താവനകളിറക്കി അവരെ കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കുകയായിന്നുവെന്ന് ഇറാനിലെ യാഥാസ്ഥിതികരോട് കൂറു പുലര്‍ത്തുന്ന തസ്നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത അംബാസഡറെ ഏതാനും മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു.

വിദ്യാര്‍ത്ഥികള്‍ ‘ഭരണ വിരുദ്ധ’ മുദ്രാവാക്യങ്ങള്‍ വിളിച്ചതായും കാസെം സൊലൈമാനിയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിയതായും സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്‍റെ എയ്റോസ്പേസ് കമാന്‍ഡര്‍ അപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്നാല്‍, ബോയിംഗ് 737 നെതിരെ ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടത് ഓപ്പറേറ്ററുടെ സ്വതന്ത്രമായ ചിന്താഗതിയായിരുന്നുവെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അമീറാലി ഹാജിസാദെ പറഞ്ഞു. ഓപ്പറേറ്റര്‍ തന്‍റെ മേലുദ്യോഗസ്ഥരില്‍ നിന്ന് അനുമതി നേടുന്നതില്‍ പരാജയപ്പെട്ടു, അദ്ദേഹം പറഞ്ഞു.

‘തീരുമാനിക്കാന്‍ അദ്ദേഹത്തിന് 10 സെക്കന്‍ഡ് സമയമുണ്ടായിരുന്നു. വെടിവെയ്ക്കാനോ വെയ്ക്കാതിരിക്കാനോ അദ്ദേഹത്തിന് തീരുമാനിക്കാമായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം തെറ്റായ തീരുമാനമെടുത്തു.’ ബ്രിഗേഡിയര്‍ ജനറല്‍ പറഞ്ഞു.

വിമാനം തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനുശേഷം സമഗ്രമായ അന്വേഷണം നടത്താന്‍ ഇറാനു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദംചെലുത്തിയിരുന്നു.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ നടപടികളും (നഷ്ടപരിഹാരം ഉറപ്പാക്കാന്‍) പ്രസക്തമായ എല്ലാ സംഘടനകളോടും താന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി പറഞ്ഞു.

ഫ്ലൈറ്റ് പി എസ് 752 ലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഇറാനികളും കനേഡിയന്‍ പൗരന്മാരുമായിരുന്നു. അവരില്‍ ഇരട്ട പൗരത്വമുള്ളവരുമുണ്ടായിരുന്നു. കൂടാതെ, ഉക്രേനിയക്കാര്‍, അഫ്ഗാനികള്‍, ബ്രിട്ടീഷുകാര്‍, സ്വീഡിഷുകാര്‍ എന്നിവരും ഉണ്ടായിരുന്നു.

ഈ വ്യോമാക്രമണത്തില്‍ ഉത്തരവാദികളായ എല്ലാവരേയും നീതിപീഠത്തിലേക്ക് കൊണ്ടുവരുമെന്ന് റൂഹാനി ശനിയാഴ്ച ഉക്രേനിയന്‍ സര്‍ക്കാരിനോട് പറഞ്ഞു.

1988 ന് ശേഷം ഇറാനിലെ ഏറ്റവും വലിയ സിവില്‍ ഏവിയേഷന്‍ ദുരന്തമാണിത്. ഗള്‍ഫിനു മുകളിലൂടെ പറന്ന ഇറാന്‍ വിമാനം അബദ്ധത്തില്‍ യു എസ് സൈന്യം വെടിവെച്ചിട്ടിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 290 പേരും കൊല്ലപ്പെടുകയും ചെയ്തു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button