പമ്പ: പമ്പയിലെ ഹോട്ടലുകളിലും സന്നിധാനത്തെ കച്ചവടസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു. പമ്പ ത്രിവേണി, കെ.എസ്.ആര്‍.ടി.സി ഭാഗങ്ങളിലെ ഹോട്ടലുകളിലും സന്നിധാനത്തും ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെയും എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റിന്‍റെയും നേതൃത്വത്തിലുള്ള സംഘം ആണ് പരിശോധന നടത്തിയത് . വിവിധ നിയമലംഘനങ്ങള്‍ക്ക് 2,31,000 രൂപയുടെ പിഴ ഈടാക്കി.
ഗുരുതരമായ വീഴ്ചകള്‍ക്കെതിരെ നിയമനടപടി തുടരും. കഴിഞ്ഞ മൂന്നു ദിവസങ്ങളായി പമ്പയിലും പരിസരത്തും നടത്തിയ പരിശോധനയില്‍ വിവിധ കച്ചവട സ്ഥാപനങ്ങളില്‍ നിന്നാണ് 1,03,000 രൂപയുടെ പിഴ ഈടാക്കിയത്. പമ്പയിലെ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ പിടിച്ചെടുത്തു. ചീഞ്ഞ മുന്തിരി, ഓറഞ്ച്, പച്ചക്കറികള്‍ എന്നിവ പിടിച്ചെടുത്ത് പിഴ ഈടാക്കി നശിപ്പിച്ചു. കൂടാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാചകം ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെയും കണ്ടെത്തി.
ശുദ്ധമായ ഭക്ഷണം തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്നതിന് വ്യക്തമായ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. പമ്പയില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ആര്‍.വിനോദിന്‍റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.ആര്‍.ഷൈനിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകളിലായി കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ജനുവരി ഏഴ് മുതല്‍ പത്തു വരെയുള്ള കാലയളവില്‍ സന്നിധാനത്ത് അമിതവില ഈടാക്കിയതിനും മറ്റ് ഇതര നിയമലംഘനങ്ങള്‍ നടത്തിയതിനുമായി 21 കടകളിൽ നിന്നും 1,28,000 രൂപ പിഴ ഈടാക്കി.
അനധികൃതമായി പ്രവര്‍ത്തിച്ച കൊപ്രാക്കളത്തിന് സമീപം ഉണ്ടായിരുന്ന ഹോട്ടല്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ പൂട്ടിയിട്ടുണ്ട്. സന്നിധാനത്ത് ഡ്യൂട്ടി മജിസ്‌ട്രേറ്റ് വി.ജയമോഹന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
Post Your Comments