ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. 2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു സംഭവം. മുംബൈ വിമാനത്താവളത്തില്‍നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി. വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ തന്നെ നില്‍ക്കാന്‍ നല്‍കിയ നിര്‍ദേശം മറികടന്ന് അനുമതി ലഭിക്കാതെ പൈലറ്റ് വിമാനം മുന്നോട്ടെടുക്കുകയായിരുന്നു. സഹപൈലറ്റ് എടിസി നിര്‍ദ്ദേശം കൃത്യമായി ധരിപ്പിച്ചിട്ടും മുഖ്യ പൈലറ്റ് നിര്‍ദ്ദേശം മറികടന്നെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തിന് ശേഷം ഇരുവർക്കും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ മുഖ്യ പൈലറ്റ് തെറ്റ് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിസിഎ തീരുമാനിച്ചത്.
Post Your Comments