Latest NewsNewsIndia

തീവണ്ടികളിലും സ്വകാര്യവത്കരണം നടത്താന്‍ കേന്ദ്രം; 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ റെയില്‍വേയിലും സ്വകാര്യ പങ്കാളിത്തം വന്നു. ആദ്യ നടപടിയെന്നോണം 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നല്‍കി. സ്വകാര്യ ട്രെയിനുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളുടെ രൂപരേഖയുടെ കരട് നീതി ആയോഗിന്റെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ട്രെയിനുകളുടെ സ്വകാര്യവല്‍ക്കരണത്തിലൂടെ 22500 കോടിയുടെ പദ്ധതിയാണ് റെയില്‍വേ മന്ത്രാലയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 100 റൂട്ടുകള്‍ 10-12 ക്ലസ്റ്ററുകള്‍ ആയി തിരിച്ചാണ് സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യതീവണ്ടികള്‍ക്ക് അതേ റൂട്ടിലോടുന്ന മറ്റു തീവണ്ടികളെക്കാള്‍ 15 മിനിറ്റ് മുമ്പേ ഓടാനുള്ള അനുമതിയുമുണ്ട്. സ്വന്തം ജീവനക്കാരെ ഉപയോഗിക്കാനും മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗതയമുമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതിനു പുറമെ ട്രെയിനുകള്‍ ഏതൊക്കെ സ്റ്റേഷനില്‍ എത്ര സമയം നിര്‍ത്തിയിടണം എന്നത് സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. കുറഞ്ഞത് 16 കോച്ചുകളുണ്ടായിരിക്കും എല്ലാ ട്രെയിനും. ടിക്കറ്റ് നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. പുതിയ രീതിയില്‍ ഡിസൈന്‍ ചെയ്ത ബോഗികള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അലൂമിനിയം പുറംഭാഗം, നിയന്ത്രണസംവിധാനം എന്നിവയും പുതിയ സ്വകാര്യ ട്രെയിനുകള്‍ക്ക് ഉണ്ടാവും. അറ്റകുറ്റപ്പണി നടത്തിപ്പ് ഏറ്റെടുത്ത സ്വകാര്യസ്ഥാപനത്തിന്റെ ചുമതലയായിരിക്കും. നിലവില്‍ രാജധാനി തീവണ്ടികള്‍ ഓടുന്ന മുംബൈ-ഡല്‍ഹി, ഹൗറ-ഡല്‍ഹി സെക്ടറുകളിലും സ്വകാര്യ തീവണ്ടികള്‍ ഓടിക്കും. ഡല്‍ഹി-ലഖ്നൗ, മുംബൈ-അഹമ്മദാബാദ് റൂട്ടുകളില്‍ ഓടിക്കുന്നതിനായി രണ്ട് തേജസ്സ് തീവണ്ടികള്‍ റെയില്‍വേ നിയന്ത്രണത്തിലുള്ള ഐ.ആര്‍.സി.ടി.സി.ക്കു കൈമാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button