തിരുവനന്തപുരം: താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ടി പി സെന്‍കുമാര്‍ ഐപിഎസിനെ ഡിജിപി സ്ഥാനത്ത് നിയമിച്ചത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയായിരുന്നു കൈ കൂപ്പിയുള്ള ചെന്നിത്തലയുടെ പ്രസ്താവന. മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫിസറായിരുന്നു സെന്‍കുമാറിന്റെ സ്ഥാനത്ത് ഡിജിപിയാവേണ്ടിയിരുന്നത്. ഒരു മലയാളി സ്ഥാനത്തേക്ക് വരട്ടെയെന്ന് ചിന്തിച്ചാണ് ആ തീരുമാനമെടുത്തത്. അല്ലാതെ മറ്റൊന്നും ആലോചിച്ചില്ല.
എന്ത് ചെയ്യാനാണ്. ചക്കയാണോല്‍ തുരന്നുനോക്കാം. ഇതിപ്പോ എന്ത് ചെയ്യുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ഡിജിപിയാക്കിയ സെന്‍കുമാറിനെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ സ്ഥാനത്തുനിന്നും മാറ്റി. ഇതിന്റെ പേരില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും സെന്‍കുമാറിനെ സംരക്ഷിച്ചും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, സെന്‍കുമാര്‍ ഇപ്പോള്‍ നിങ്ങളുടെ കൂടെയല്ലെന്നും പുതിയ കൂടാരത്തിലാണെന്നും പിണറായി വിജയന്‍ പ്രതിപക്ഷത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു.
ഡിജിപി സ്ഥാനത്തുനിന്ന് പുറത്താക്കിയ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കോടതിയെ സമീപിച്ച സെന്‍കുമാര്‍ പിന്നീട് ഡിജിപി സ്ഥാനത്ത് തിരികെയെത്തിയാണ് സര്‍വീസില്‍നിന്നും വിരമിച്ചത്. അതേസമയം ചെന്നിത്തലക്ക് മറുപടിയുമായി ബിജെപി രംഗത്തെത്തി. സംസ്ഥാന ഡിജിപി നിയമനം ആഭ്യന്തരമന്ത്രിയുടെ വീട്ടുകാര്യമല്ലെന്ന് ബിജെപി നേതാവ് എംഎസ് കുമാര്‍ പറഞ്ഞു. ഡിജിപി നിയമനം ഔദാര്യമല്ലെന്നും ചെന്നിത്തലയുടെത് മ്ലേച്ചം പരാമര്‍ശമാണെന്നും എംഎസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.സെന്‍കുമാര്‍ ഇപ്പോൾ ശബരിമല കര്‍മസമിതിയുടെ ദേശീയ തലത്തിലുള്ള നേതാവുകൂടിയാണ്.
Post Your Comments