കോട്ടയ്ക്കല്‍: ഒരു പഞ്ചായത്തില്‍ ഡയാലിസിസ് ആവശ്യമുള്ള 35 പേര്‍ ഉണ്ടെന്നറിഞ്ഞപ്പോൾ അവരൊരു ഡയാലിസിസ് സെന്റര്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ച് തുടങ്ങി. അങ്ങനെ കാടാമ്ബുഴ ലൈഫ് മിഷന്‍ എന്ന ട്രസ്റ്റുണ്ടാക്കി ഒരുവര്‍ഷംകൊണ്ട് ഒരുകോടിയിലേറെ പണം മുടക്കി പഞ്ചായത്തിലെ മുഴുവന്‍പേര്‍ക്കും ഡയാലിസിസ് ചെയ്യാവുന്ന കേന്ദ്രം പണിതു. പഞ്ചായത്തിന്റെ രണ്ടേക്കര്‍ സ്ഥലത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിനു തൊട്ടടുത്താണ് ഡയാലിസിസ് സെന്റര്‍. പത്ത് ഡയാലിസിസ് യന്ത്രങ്ങള്‍ക്കുള്ള സൗകര്യമാണ് ഇവിടെയുള്ളത്.
സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഒരുമാസം മൂന്നുലക്ഷംരൂപ ചെലവുവരും. ഈ പണം കണ്ടെത്താന്‍ മാസംതോറും അഞ്ഞൂറും ആയിരവും വീതം വരിസംഖ്യയായി തരാന്‍ തയ്യാറുള്ള ആയിരംപേരെ 20 വാര്‍ഡുകളില്‍നിന്നായി കണ്ടെത്തി. ഇത് പിരിച്ചെടുക്കാന്‍ ആളെയും നിയമിച്ചു. ഒറ്റത്തവണയുള്ള സംഭാവനകളും വന്നുകൊണ്ടിരിക്കുന്നുണ്ട്.
ഒരു പ്രമുഖ സിമന്റ് കമ്ബനി നല്‍കിയ 25 ലക്ഷംകൊണ്ടാണ് ഇരുനിലക്കെട്ടിടം പണിതത്. അഞ്ചുലക്ഷത്തോളം വിലവരുന്ന ഡയാലിസിസ് യന്ത്രങ്ങള്‍ എട്ടെണ്ണം ഇതുവരെ സംഭാവനയായി ലഭിച്ചു. രണ്ട് യന്ത്രങ്ങള്‍കൂടി ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ സമിതി അധ്യക്ഷന്‍ പള്ളിമാലില്‍ മുഹമ്മദലി പറഞ്ഞു. സാധാരണക്കാരായ രോഗികള്‍ക്ക് വലിയ ആശ്വാസമാകും സെന്റര്‍. 12 നാണ് മന്ത്രി ഡോ. കെ.ടി. ജലീല്‍ സെന്‍റർ ഉദ്ഘാടനം ചെയ്യും.
Post Your Comments