KeralaLatest NewsIndiaNews

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും . തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.

ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തതിരിക്കുന്നത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽ ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി അറിയിച്ചു.കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചെന്നും ടി.നസിറുദീൻ അറിയിച്ചു.

വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എളമരം കരീം, ആർ. ചന്ദ്രശേഖരൻ, ഉദയഭാനു, അഹമ്മദ്കുട്ടി ഉണ്ണികുളം, സോണിയാ ജോർജ്, ബാബു ദിവാകരൻ, വി.ആർ. പ്രതാപൻ,. വി. ശിവൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button