ന്യൂഡൽഹി: സുപ്രീംകോടതിയിൽ നൽകിയ ഹർജി വൈകുന്നതിന്റെ പേരിൽ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളിൽനിന്നു രക്ഷപ്പെടാൻ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി.
സുപ്രീംകോടതിയിലെ തന്റെ ഹർജി വൈകുന്നത് ചൂണ്ടിക്കാട്ടി യു.കെയിലെ കോടതി വിധി പുറപ്പെടുവിക്കുന്നത് തടയാൻ മല്യ ശ്രമിക്കുന്നുവെന്ന് കേന്ദ്രസർക്കാർ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സർക്കാരിന് വേണ്ടി മല്യയുടെ കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകൾ പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂൺ 27നാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്. 9000 കോടി രൂപയുടെ കടത്തെത്തുടർന്നു രാജ്യം വിട്ട മല്യയെ തിരിച്ചെത്തിക്കാനുള്ള വിചാരണ യു.കെയിൽ നടക്കുകയാണ്.
കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകൾക്ക് അനുമതി ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പിഎംഎൽഎ കോടതിയുടേതാണ് ഉത്തരവ്. വിജയ് മല്യ വായ്പയെടുത്ത് മുങ്ങിയ തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കൾ വിനിയോഗിക്കാനാണ് കോടതി ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ALSO READ: ജെഎന്‍യു മുഖം മൂടി ആക്രമം: ക്രൈംബ്രാഞ്ചിന് ചില സുപ്രധാന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്
മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കൾ ലേലം ചെയ്യാൻ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുമതി നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയിൽ കോടതിയെ അറിയിച്ചിരുന്നു.
Post Your Comments