ചിരിച്ചു കളിച്ചു നടന്ന് ഏവരുടെയും പ്രിയപ്പെട്ടവനും അച്ചടമുള്ളവനുമായ ഒരു വിദ്യാര്‍ഥിയുടെ ആത്മഹത്യ ഞെട്ടിച്ചുവെന്ന് കൗണ്‍സലര്‍ കലാ ഷിബു. ആ കുട്ടി ആത്മഹത്യ ചെയ്തു എന്നറിയാതെ കോളജിലിരുന്ന് സത്സ്വഭാവിയായ ആ കുട്ടിയെക്കുറിച്ച് ഓര്‍ത്തതും, ഒരാഴ്ച മുന്‍പ് ആത്മഹത്യ ചെയ്തത് താന്‍ കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പ് ഓര്‍ത്ത ആ വിദ്യാര്‍ഥിയായിരുന്നെന്നു തിരിച്ചറിഞ്ഞതിനെക്കുറിച്ചും കല ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.
പോസ്റ്റ് വായിക്കാം
“അവധി കഴിഞ്ഞു ഇന്നാണ് ഞാൻ കോളേജിൽ എത്തിയത്. വന്നതും കഴിഞ്ഞ ആഴ്ച ഒരു കുട്ടി മരിച്ചു, ആത്മഹത്യ എന്ന് കേട്ടു.
ഞാൻ എന്റെ ക്യാബിനിൽ കേറി. കൗൺസലിങ് അധ്യാപിക ആയതു കൊണ്ട് എനിക്ക് സ്റ്റാഫ് റൂം അല്ല. കൗൺസലിങ് സെൽ പ്രത്യേകം ക്യാബിനിൽ ആണ്. ഏത് കുട്ടി എന്ന് തത്കാലം അറിയേണ്ട എന്ന് ഞാൻ കരുതി..
മാധവൻ, എന്റെ പ്രിയപ്പെട്ട കുട്ടി ആണ്. പ്ലേബാക് സിങ്ങറാണ്. ക്രിസ്മസ് കഴിഞ്ഞ് അവനെ കണ്ടില്ല. ഞാൻ മുറിയിൽ എത്തിയ ശേഷം, അവൻ വന്നു കുറെ വിശേഷം പങ്കുവച്ചു, പോയി.
അവനോടും ആരാണ് മരിച്ചത് എന്ന് ചോദിച്ചില്ല. മാധവൻ പോയി കഴിഞ്ഞു ഞാൻ വെറുതെ കുട്ടികളുടെ രീതികളെ കുറിച്ച് ആലോചിച്ചു.
പിള്ളേരിൽ കുരുത്തം കെട്ടവരാണ് എന്റെ അടുത്ത് അധികവും എത്താറ്. അവരുടെ പ്രശ്നങ്ങൾക്കു കൂട്ട് നിന്നാലും പിരിഞ്ഞു പോകുമ്പോൾ എല്ലാ കുട്ടികളും ഒരേ പോലെ സ്നേഹം കാണിക്കാറില്ല. അവരുടെ കാര്യം കഴിഞ്ഞല്ലോ എന്ന രീതി. എന്നാൽ ചിലരുണ്ട്. അമ്മ തന്നെ ആയിപ്പോകും അവർക്ക് മുന്നിൽ.
പെട്ടന്നു മറ്റൊരു പയ്യനെ ഓർത്തു. അച്ചടക്കം ഉള്ള കുട്ടികളുടെ ഇടയിൽ പെടുന്നവൻ. അതുകൊണ്ടുതന്നെ കൗൺസലിങ് റൂമിൽ എത്തേണ്ട കാര്യമില്ല. എങ്കിലും അവൻ വരും. ചുമ്മാ ഒരു ഹായ് മാം പറയാൻ.
ലൈബ്രറിയിൽ ഇരിക്കുമ്പോൾ വന്നു സൈക്കോളജി എന്താണ്, എനിക്കു കുറെ സംശയം ഉണ്ടെന്നൊക്കെ പറയും. ചിലപ്പോൾ ഓടി വന്ന് ഏതെങ്കിലും ടീവി പരിപാടിയിൽ എന്നെ കണ്ടു, എഫ്ബി പോസ്റ്റ് വായിച്ചു എന്നൊക്കെ പറയും. കണ്ടെങ്കിൽ മിണ്ടാതെ പോകാൻ പറ്റില്ല. എന്തോ അവനെ ഞാൻ ഓർത്തു.
ഉച്ചയ്ക്ക് ക്യാന്റീനിൽ ഇരിക്കുമ്പോൾ, എന്തായാലും ആരാ മരിച്ചത് എന്ന് ചോദിച്ചു. എനിക്കു പിന്നെ മുഴുവൻ ചോറ് തിന്നാൽ പറ്റിയിട്ടില്ല. അതവൻ ആയിരുന്നു അമൽ…
ഞാൻ എന്തിനാണ് ഇന്നവനെ കാരണമില്ലാതെ ഓർത്തത് !
ലൈബ്രറിയിൽ സ്റ്റാഫ് ദിവ്യ അവന്റെ അമ്പൂരിയിൽ ഉള്ള വീട്ടിൽ പോയ കാര്യം പറഞ്ഞു. അവിടെ നിറച്ചും അവന്റെ മെഡലുകളും ട്രോഫിയും. കണ്ടു നിൽക്കാൻ വയ്യായിരുന്നു മാഡം.. ദിവ്യ സങ്കടത്തോടെ പറഞ്ഞു. അമ്മയുടെ നിലവിളിയും..
സാധാരണ പിള്ളേരു വന്നു ബുക്ക് എടുത്തു പോകും, ഇവൻ നിന്നു സംസാരിച്ചു വിശേഷങ്ങൾ പറയും. അധികം കുട്ടികളുമായി കളിതമാശയ്‌ക്കു നിൽക്കാത്ത അധ്യാപകർക്കു പോലും അവനുമായി അടുപ്പം ഉണ്ടായിരുന്നു.. ആരോടും മിണ്ടാതെ ഇരുന്നിട്ടില്ല ഈ കാലമത്രയും അവൻ.
ചിരിയില്ലാതെ കണ്ടിട്ടില്ല…
അവനോടു മിണ്ടാതെ കടന്നു പോകാനും സമ്മതിക്കില്ല…
എന്തിനായിരുന്നു?
ഉത്തരം കിട്ടാത്ത ചോദ്യം എല്ലാവരും പരസ്പരം ചോദിക്കുന്നു.
നീ മരിച്ച കാര്യം അറിയാതെ ഞാൻ നിന്നെ കുറിച്ചോർത്തത് എന്തിനാണ്?
ഒരാളെയും വെറുതെ വിടാതെ എല്ലാവരോടും ചിരിച്ചു കാര്യം പറഞ്ഞു നടന്ന നീ, ഒരു മുഴം കയറിൽ തൂങ്ങിയാടുന്നത് ഓർക്കാൻ വയ്യ.
അതിനു മാത്രം എന്ത് പ്രശ്നം ഉണ്ടായിരുന്നു നിനക്ക്..
നിന്നെ ഒന്നറിയാൻ ആരുമില്ലായിരുന്നോ?
മനസ്സുകളെ പഠിക്കാൻ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ട്.”
https://www.facebook.com/kpalakasseril/posts/10157521345439340
Post Your Comments