Latest NewsKeralaNews

മരട് ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് തുടരും; സമയക്രമം മാറ്റണമെന്ന് നാട്ടുകാര്‍

കൊച്ചി: മരടില്‍ പൊളിക്കാനുള്ള ഫ്‌ളാറ്റുകളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന്‍ കോറല്‍ കോവിലും ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത്. ജെയിന്‍ കോറല്‍ കോവില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയായേക്കും. ആല്‍ഫ സെറീനിലേത് പൂര്‍ത്തിയാകാന്‍ രണ്ട് ദിവസം കൂടി വേണ്ടി വരും.

എന്നാല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാര്‍.ഹോളിഫെയ്ത്ത് പൊളിച്ച് അതിന്റെ ആഘാതം മനസിലാക്കിയ ശേഷമേ ആല്‍ഫാ സെറീന്‍ പൊളിക്കാന്‍ പാടുള്ളൂ എന്നാണ് നാട്ടുകാരുടെ ആവശ്യം. ഹോളിഫെയ്ത്ത് പൊളിച്ച ശേഷമുള്ള ആഘാതം മനസിലാക്കാന്‍ നിലവിലുള്ള അഞ്ച് മിനിറ്റിന്റെ ഇടവേള മതിയാകില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. നിലവില്‍ ശനിയാഴ്ച രാവിലെ 11 നും 11.05നുമാണ് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നത്. ഇത് ആദ്യം നിശ്ചയിച്ചിരുന്നത് പോലെ 11 നും 11.30 നും ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസിവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) സംഘം ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ചു പുരോഗതി വിലയിരുത്തിയിട്ടുണ്ട്. പെസോ നിര്‍ദേശ പ്രകാരം ആല്‍ഫ സെറീന്‍ ഫ്‌ലാറ്റ് പരിസരത്ത് അധിക സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനം നടക്കുന്ന നിലകളില്‍ ജിയോടെക്‌സ്‌റ്റൈല്‍ ഷീറ്റുകള്‍ക്കു പുറമേ, കമ്പിവേലി കൂടി സ്ഥാപിച്ചു. സ്‌ഫോടനത്തിനിടെ അവശിഷ്ടങ്ങള്‍ തെറിച്ചു പരിസര പ്രദേശങ്ങളില്‍ വീഴാതിരിക്കാനാണു കമ്പിവേലി കൂടി കെട്ടുന്നത്

സ്‌ഫോടനത്തിന്റെ ആഘാതം കുറക്കാന്‍ ആല്‍ഫ സെറീന്‍ ഫ്‌ലാറ്റുകള്‍ക്കു ചുറ്റും കിടങ്ങ് കുഴിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മരട് നഗരസഭയുടെ അടിയന്തിര കൗണ്‍സില്‍ യോഗവും ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button