‘മനുഷ്യനിലെ പ്രത്യുല്‍പാദനവ്യവസ്ഥ’ എന്ന പാഠം വരുമ്പോള്‍ കൃത്യമായി വീട്ടില്‍ പോയി വായിച്ച് പഠിക്കാന്‍ പറയുന്ന അധ്യാപകരുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ചില അധ്യാപകരെ കണ്ടുമുട്ടിയ അനുഭവം വിവരിച്ച് എഴുത്തുകാരിയും ഡോക്ടറുമായ ഷിംന അസീസ്.
ഡോ. ഷിംനയുടെ പോസ്റ്റ് വായിക്കാം
കുറേ കാലമായി കുറച്ച് സ്‌കൂൾ ബയോളജി ടീച്ചർമാരെ ഒന്നിച്ച് കിട്ടിയിരുന്നേൽ നാല് വർത്താനം പറയണം എന്ന് ഓങ്ങി വെച്ചിരിക്കുകയായിരുന്നു.
ഇന്ന് മലപ്പുറം ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പഠിപ്പിക്കുന്ന ഏതാണ്ട് അൻപതോളം ഹൈസ്‌കൂൾ ബയോളജി മാഷമ്മാരെയും ടീച്ചർമാരെയും ഒരു സദസ്സിൽ കിട്ടി. ‘മനുഷ്യനിലെ പ്രത്യുൽപാദനവ്യവസ്‌ഥ’ എന്ന പാഠം വരുമ്പോൾ കൃത്യമായി വീട്ടിൽ പോയി വായിച്ച് പഠിക്കാൻ പറയുന്ന ആചാരത്തിന് ചെറിയ വ്യത്യാസമൊക്കെ വന്നിട്ടുണ്ടെന്ന് അവരോട് സംസാരിച്ചത് വഴി മനസ്സിലാക്കാനായി. സന്തോഷം.
നേരത്തേ എത്തുന്ന കൗമാരത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും പുസ്‌തകത്തിലെ ‘ബാലൻസ് ഡയറ്റ്’ കാണാപാഠം പഠിച്ചാൽ പോരെന്നതും, അതെങ്ങനെ പ്രാവർത്തികമാക്കണമെന്നും ചർച്ച ചെയ്യാനായി. വ്യായാമം, കുഞ്ഞുങ്ങളിലെ മാനസിക സമ്മർദം, കൗമാരലൈംഗികത, ട്രാൻസ്‌ജെന്റർ വ്യക്‌തികളുടെ ബയോളജി തുടങ്ങി ഒരുപാട് കാര്യങ്ങൾ വിഷയങ്ങളായി. പറയാതെ വയ്യ, കിടിലൻ ടീച്ചേഴ്‌സ്.
ബയോളജി പഠിപ്പിക്കുന്നോർ പണ്ടത്തെ പോലെയല്ലെന്ന് മനസ്സിലായി. എന്നാലും ഓരോ കുട്ടിയേയും അവരുടെ സ്വഭാവപ്രത്യേകതകളേയും മനസ്സിലാക്കുന്നതിൽ അധ്യാപകർ വിജയമാണോ എന്ന സംശയം ബാക്കി നിൽക്കുന്നുണ്ട്. ഇന്ന് അവർ ചോദിച്ച പല ചോദ്യങ്ങളിലും ഈ ആശങ്ക മുറ്റി നിൽപുണ്ടായിരുന്നു. കുട്ടികളുമായുള്ള വ്യക്‌തിബന്ധം ശക്‌തമാക്കാതെ ഇനിയുള്ള കാലം ‘തല്ലി പഠിപ്പിക്കാം’ എന്ന് കരുതരുത് എന്ന് പ്രത്യേകം പറഞ്ഞു.
ഒരനുഭവം പറയാം. കഴിഞ്ഞ ദിവസം ഒരു ചെറിയ ക്ലാസിലെ വിദ്യാർത്ഥി ജോലിസ്‌ഥലത്തുള്ള അമ്മയെ വിളിച്ച് കരഞ്ഞത് ടീച്ചർ അവന് ഗിഫ്‌റ്റ് കിട്ടിയ ഏറെ പ്രിയപ്പെട്ട ഫൗണ്ടൻ പേന അവൻ ക്ലാസിൽ സംസാരിച്ചതിന് എടുത്തെറിഞ്ഞ് പൊട്ടിച്ചു എന്ന് പറഞ്ഞായിരുന്നത്രേ. പിരീഡ് കഴിഞ്ഞുള്ള ഇന്റർവെല്ലിൽ അവൻ ഇറങ്ങി വീട്ടിലേക്കോടി. അന്തർമുഖനായ കുഞ്ഞിന് അതുൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇപ്പോൾ അവന് ക്ലാസിൽ പോകാൻ ഭയമാണ്, കരച്ചിലാണ്, ആരൊക്കെ വഴക്ക് പറയുമെന്നറിയില്ല എന്നൊക്കെ. ഇതിപ്പോ ശരിക്കും ആരുടെ കുഴപ്പമാണ്?
സ്‌കൂളിൽ പഠിക്കുന്ന പ്രായത്തിലുള്ള കുഞ്ഞ് തെറ്റ് ചെയ്യാൻ കാരണം അവരെ വാർത്തെടുക്കുന്ന രക്ഷിതാക്കളും അധ്യാപകരും തന്നെയാണ്. അത് തിരുത്തി കൊടുക്കേണ്ടതും അവർ തന്നെ. അല്ലാതെ, കുഞ്ഞുങ്ങൾ ‘തെറ്റുകാർ’ ആകുന്നതെങ്ങനെ? അവരെ മാർക്കിന്റെ പേരിലും പെരുമാറ്റത്തിന്റെ പേരിലും തട്ട് തിരിച്ച് സൗകര്യപൂർവ്വം ഒഴിവാക്കുന്നവരല്ല നല്ല അധ്യാപകർ. അവരെ ജീവിക്കാൻ പ്രാപ്‌തരാക്കി വളർത്തിയെടുക്കുന്നവരാണ്. അവരെക്കൂടി ചേർത്ത് പിടിച്ച് യാത്ര തുടരുന്നവരാണ്.
ഇത് പറയുമ്പോൾ മനസ്സിൽ തെളിഞ്ഞ് വരുന്ന ഇന്നും ഹൃദയത്തിൽ പെർമനന്റ് റസിഡന്റ്‌സായ സ്വന്തം ഗുരുമുഖങ്ങളുണ്ട്. ഇനി ഒരിക്കലും കാണരുതേ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന കുറേ ദുർമുഖങ്ങളും…
ഇന്ന് സദസ്സിൽ കണ്ടവരും അങ്ങനെ ഏതൊക്കെയോ മക്കൾക്ക് പ്രിയപ്പെട്ടവരാകണം. ഇത്തിരിനേരം എനിക്ക് തന്ന ചിരികളും നിങ്ങൾ എഴുതിയെടുത്ത നോട്ടുകളും ഒരുപാട് കുഞ്ഞുമക്കളുടെ ചിരിയായി പകരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു ടീച്ചർമാരേ. നന്ദീട്ട്‌ട്ടാ ഇന്ന് തന്ന അവസരത്തിന്…
കുറേ സ്‌നേഹം.
Dr. Shimna Azeez
https://www.facebook.com/photo.php?fbid=10158176685222755&set=a.10154567803427755&type=3
Post Your Comments