കൊച്ചി: നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കളുടെ സംഘടന. ഷെയിനുമായി കരാറുണ്ടായിരുന്ന നാല് സിനിമകള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നടന്‍ ഷെയിന്‍ നിഗമും നിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തില്‍ താര സംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് യോഗം ചേരാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് നിര്‍മ്മാതാക്കള്‍ രംഗത്തെത്തുന്നതെന്നത്.
അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് നിര്‍മാതാക്കള്‍ നടപടി തുടങ്ങിയത്. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷും സിനിമ ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് തീര്‍ക്കാന്‍ ഷെയിനിന് നിര്‍മ്മാതാക്കള്‍ നല്‍കിയ സമയ പരിധി ഇന്ന് തീരും.
കഴിഞ്ഞ ദിവസം ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം നടന്‍ ഷെയ്ന്‍ നിഗം തള്ളിയിരുന്നു. നിലവിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍ ഷെയ്നിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫലത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതിഫലം നല്‍കാതെ ഡബ്ബിങ് പൂര്‍ത്തിയാക്കുകയില്ല എന്നുമാണ് ഷെയ്ന്‍ നിലപാടെടുത്തിരുന്നത്.ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്‍ ഉറപ്പു നല്‍കിയതായി നിര്‍മാതാക്കള്‍ പറയുന്നു. എന്നാല്‍ ഷെയിന്‍ കരാര്‍ ലംഘിച്ചതോടെ നിര്‍മാതാക്കള്‍ കടുത്ത നിലപാട് എടുക്കുകയാിരുന്നു.
പ്രൊഡ്യൂസര്‍മാര്‍ക്കെതിരെ നടത്തിയ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞത്. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കള്‍ക്കും കത്ത് നല്‍കിയിരുന്നു. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പരാമര്‍ശം നടത്തിയതെന്നുമാണ് ഷെയിന്‍ കത്തില്‍ പറഞ്ഞിരുന്നത്.
Post Your Comments