Latest NewsInternational

നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയില്‍

സിഖ് വിരുദ്ധ മുദ്രാവാക്യവുമായി വലിയൊരു സംഘം ഗുരുദ്വാരക്ക് നേരെ കല്ലെറിയുകയായിരുന്നു.

ലാഹോര്‍: പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയില്‍. മുഹമ്മദ് ഇമ്രാന്‍ ചിശ്തി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ലാഹോറിലെ നങ്കന സാഹിബ് ഗുരുദ്വാരയില്‍ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടാണ് ലോകമെമ്പാടുമുള്ള സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്നായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരേ തദ്ദേശീയരായ മുസ്ലീങ്ങളുടെ ആക്രമണമുണ്ടായത്. സിഖ് വിരുദ്ധ മുദ്രാവാക്യവുമായി വലിയൊരു സംഘം ഗുരുദ്വാരക്ക് നേരെ കല്ലെറിയുകയായിരുന്നു.

സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. വിവിധ രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗുരുദ്വാരക്ക് നേരെ അക്രമണമുണ്ടായിട്ടില്ലെന്നും പ്രാദേശികമായ വഴക്കിനെ തെറ്റായി ചിത്രീകരിച്ചെന്നുമായിരുന്നു പാകിസ്ഥാന്റെ നിലപാട്. ആദ്യത്തെ സിഖ് ഗുരുവായ ഗുരുനാനാക് ദേവന്റെ ജന്മസ്ഥലമാണ് നങ്കന സാഹിബ് ഗുരുദ്വാര. സിഖുകാരുടേയും ഹിന്ദുക്കളുടേയും ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നാണിത്.

ഈ ഗുരുദ്വാരയുടെ ഗ്രന്ഥിയുടെ (പുരോഹിതന്‍) മകളായ പത്തൊന്‍പത് വയസ്സുള്ള ജഗജിത് കൌറിനെ മുഹമ്മദ് എസന്‍ എന്ന ഒരാളുടേ നേതൃത്വത്തില്‍ തദ്ദേശീയരായ ആറുപേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം തട്ടിക്കൊണ്ടുപോയിരുന്നു.കുറച്ചുനാള്‍ കഴിഞ്ഞ് ജഗജിത് കൌര്‍ ഇസ്ലാമായി മതം മാറിയെന്നും ആയിഷ എന്ന പേരു സ്വീകരിച്ചെന്നും മുഹമ്മദ് എസനെ വിവാഹം ചെയ്‌തെന്നും അറിയിച്ചുകൊണ്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്നും ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തി മതം മാറ്റിയതാണെന്നും പരാതിപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചു.

അതോടെ കേസ് കഴിയും വരെ മുഹമ്മദ് അസന്റെ അരികില്‍ നിന്ന് പെണ്‍കുട്ടിയെ ദാരുള്‍ അമന്‍ എന്ന കേന്ദ്രത്തില്‍ താല്‍ക്കാലികമായി താമസിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ വീണ്ടും കേസുമായി കോടതിയില്‍ കയറിയിറങ്ങുന്നതിനിടെയാണ് മുഹമ്മദ് എസന്റേയും നൂറുകണക്കിനാള്‍ക്കാരുടെയും നേതൃത്വത്തില്‍ സിഖുകാരുടെ ഏറ്റവും പവിത്രമായ ഈ ഗുരുദ്വാര ആക്രമിക്കപ്പെട്ടത്. മുഹമ്മദ് അസന്റെ സഹോദരന്‍ ഫെയിസ്ബുക്ക് ലൈവിലൂടെ പ്രദേശത്തെ എല്ലാ മുസ്ലീങ്ങളും ഗുരുദ്വാരയ്ക്ക് മുന്നിലെത്താന്‍ പറയുകയും നൂറുകണക്കിന് ആള്‍ക്കാര്‍ ആക്രമണങ്ങളില്‍ പങ്കുചേരുകയുമായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ ഗുരുദ്വാരയില്‍ പത്താമത്തെ സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ജിയുടെ ജയന്തി ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. കല്ലേറിലും ആക്രമണത്തിലും അനേകം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിനുള്ളില്‍ കുടുങ്ങിപ്പോയി. ഇത് ഒരു ചായക്കടയിലുണ്ടായ ചെറിയ വഴക്ക് മാത്രമാണെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യവകുപ്പിന്റെ പ്രതികരണം. നൂറൂകണക്കിനാള്‍ക്കാര്‍ ഗുരുദ്വാരയ്ക്ക് നേരേ ആക്രമണമഴിച്ചുവിടുന്ന വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴാണ് പാകിസ്ഥാന്‍ ഇങ്ങനെ പ്രതികരിച്ചത്.

shortlink

Post Your Comments


Back to top button