മലപ്പുറം : വീട്ടില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി . കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കൊണ്ടോട്ടി എക്കാപറമ്പ് മലയതോട്ടത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയത്. മാരകമയക്കുമരുന്നായ എംഡിഎംഎയും ബ്രൗണ്‍ ഷുഗറും കഞ്ചാവുമാണ് പിടികൂടിയത്. മയക്കുമരുന്ന് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ യുവാവും പിടിയിലായി. കൊണ്ടോട്ടി ഒഴുകൂര്‍ മലയത്തോട്ടത്തില്‍ സ്വദേശി കച്ചേരിക്കല്‍ വീട്ടില്‍ പി കെ ഷെഫീഖിനെയാണ് മഞ്ചേരി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വച്ച് വില്പനയ്ക്കായി മയക്കുമരുന്നുകള്‍ ചെറു പൊതികളിലാക്കുന്നതിനിടെയാണ് ഷെഫീഖ് പിടിയിലാകുന്നത്. ഇയാളില്‍ നിന്ന് 50 ഗ്രാം ബ്രൗണ്‍ ഷുഗറും 13.270 ഗ്രാം എംഡിഎംഎയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടി. പുതുവര്‍ഷം പ്രമാണിച്ച് ഷെഫീഖിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലേക്ക് ഉള്‍പ്പെടെ വ്യാപകമായി വിവിധ മയക്കുമരുന്നുകള്‍ വില്‍പന നടത്തിയതായി വിവരം ലഭിച്ചിരുന്നു.
ബംഗളൂരു കലാസിപാളയത്തു നിന്നാണ് ഇയാള്‍ വിവിധ മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. തുടര്‍ന്ന് കൊണ്ടോട്ടിയിലെ നിരവധി ചെറുകിട ഏജന്റുമാര്‍ മുഖേന ചെറുപൊതികളിലാക്കി വില്‍പന നടത്തുകയാണ് പതിവ്. ബൈക്കില്‍ കറങ്ങി നടന്ന് വില്‍പ്പന നടത്തുന്ന നിരവധി ഡെലിവറി ബോയ്സ് ഇയാള്‍ക്ക് സഹായികളായി ഉള്ളതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആവശ്യക്കാരില്‍ നിന്നു മുന്‍കൂറായി പണം വാങ്ങി നിര്‍ത്തിയശേഷം പരിസരം നിരീക്ഷിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം മറ്റൊരാള്‍ മറ്റൊരു വാഹനത്തില്‍ വന്ന് പെട്ടെന്ന് ‘സാധനം’ കൈമാറുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.
നിലവിലെ നിയമപ്രകാരം അര ഗ്രാമില്‍ കൂടുതല്‍ എംഡിഎംഎ കൈവശം വയ്ക്കുന്നത് പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും, 10 ഗ്രാമിനു മുകളില്‍ കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റവുമാണ്. അഞ്ച് ഗ്രാമില്‍ കൂടുതല്‍ ബ്രൗണ്‍ഷുഗര്‍ കൈവശം വയ്ക്കുന്നത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് എന്നിരിക്കെയാണ് 50 ഗ്രാമിലധികം ബ്രൗണ്‍ ഷുഗറുമായി ഷെഫീഖ് എക്സൈസിന്റെ വലയിലായത്. ബ്രൗണ്‍ഷുഗര്‍ വിറ്റഴിക്കുന്നതിന് പ്രത്യേകം ഏജന്റുമാര്‍ വേറെയുണ്ട്. കഞ്ചാവിന്റെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ ഷെഫീക്കിന് അതിനു വേറെയും ഏജന്റുമാര്‍ ഉണ്ട്. കഴിഞ്ഞദിവസം അരീക്കോട് മൈത്ര പാലത്തില്‍ നിന്ന് എംഡിഎംഎയുമായി കാവനൂര്‍ സ്വദേശി ആദില്‍ റഹ്മാന്‍ എന്നയാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു.
Post Your Comments