ചേരാവള്ളി: മതസൗഹാർദത്തിന്റെ മാതൃകയായി ഹിന്ദു യുവതിയുടെ വിവാഹം ഈ മാസം 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് നടക്കും. മകളുടെ വിവാഹം നടത്താൻ സഹായം തേടുമ്പോൾ ബിന്ദു മതഭേദത്തെക്കുറിച്ചു ചിന്തിച്ചില്ല. ചേരാവള്ളി മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്കും അത്തരം തടസ്സങ്ങളുണ്ടായില്ല.
ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും ആണ് ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വെച്ച് വിവാഹിതരാകുന്നത്. 11.30നും 12.30നുമിടയിൽ ആണ് മുഹൂർത്തം.
ബിന്ദും മൂന്നു മക്കളും വാടകവീട്ടിലാണു താമസിക്കുന്നത്. ഭർത്താവ് അശോകൻ രണ്ടു വർഷം മുൻപു മരിച്ചു. അയൽക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ നിർദേശപ്രകാരമാണു ബിന്ദു ജമാഅത്ത് കമ്മിറ്റിയോടു സഹായം തേടിയത്. സഹോദരിക്കു ചെയ്തു കൊടുക്കേണ്ട നന്മയാണതെന്നു കമ്മിറ്റി തിരിച്ചറിഞ്ഞു. ചെലവ് വഹിക്കാൻ ഒരു ജമാഅത്ത് അംഗം മുന്നോട്ടുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോൾ അവരും പിന്തുണച്ചു.
ALSO READ: സൗദിയിൽ വ്യാജ ഇഖാമ നിര്‍മിച്ച് വില്‍പന : രണ്ട് വിദേശികൾ പിടിയിൽ
ജമാഅത്ത് കമ്മിറ്റി തയാറാക്കിയ വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ മതസൗഹാർദ മാതൃകയായി പ്രചരിക്കുകയാണ്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും സാമ്പത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞു പഠനം നിർത്തുകയായിരുന്നു. ആനന്ദാണ് ഇളയ സഹോദരൻ.
Post Your Comments