ന്യൂഡല്‍ഹി•രാജസ്ഥാനിൽ നിന്നുള്ള ആറ് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) എം.എൽ.എമാർ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെള്ളിയാഴ്ച കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ബി.എസ്.പി എം.എൽ.എമാരായ രാജേന്ദ്ര ഗുഡ് (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായ്), വാജിബ് അലി, ലഖാൻ സിംഗ് മീന (കരോലി), സന്ദീപ് യാദവ് (ടിജാര), ദീപ്‌ചന്ദ് ഖേരിയ (കിഷൻഗഹ്‌ബാസ്) എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
2019 സെപ്റ്റംബറില്‍ ഇവര്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് സാമുദായിക ശക്തികൾക്കെതിരെ പോരാടുന്നത്തിന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും എം.എല്‍.എമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘സാമുദായിക ശക്തികൾക്കെതിരെ പോരാടുന്നതിനും സംസ്ഥാനത്തിന്റെ വികസനത്തിനും സർക്കാരിന്റെ സ്ഥിരതയ്ക്കുമായി പ്രവർത്തിക്കാനാണ് ഞങ്ങൾ തീരുമാനമെടുത്തത്. അശോക് ജി മികച്ച മുഖ്യമന്ത്രിയാണ്, രാജസ്ഥാനിൽ അദ്ദേഹത്തെക്കാൾ മികച്ചവനാകാൻ മറ്റാർക്കും കഴിയില്ല.’- ഉദയ്പൂർവതി നിയമസഭാംഗം രാജേന്ദ്ര ഗുഡ് പറഞ്ഞു.
പുറത്തുനിന്ന് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന് നദ്‌ബായ് എംഎൽഎ ജോഗേന്ദ്ര സിംഗ് അവാന പറഞ്ഞു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ ഐ സി സി) രാജസ്ഥാൻ ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ എം.എൽ.എമാർക്കൊപ്പമുണ്ടായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ആറ് എംഎൽഎമാരും കോൺഗ്രസ് പ്രസിഡന്റിനെ കണ്ടു കോൺഗ്രസ് പാർട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു. അവർ നിരുപാധികമായി പാർട്ടിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് അധ്യക്ഷനെ അറിയിച്ചതായും പാണ്ഡെ പറഞ്ഞു.
സോണിയ ഗാന്ധി എംഎൽഎമാർക്ക് പുതുവത്സരാശംസകൾ നേരുകയും ചെയ്തു.
Post Your Comments