പാലക്കാട്: കഞ്ചാവ് മാഫിയയെ വേരോടെ പിഴുതെടുക്കാന്‍ ശ്രമിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജീവനു വേണ്ടി പൊരുതി, അവസാനം മരണത്തിന് കീഴടങ്ങി. ജോലിക്കിടെ ഭവാനിപ്പുഴയിലേക്കു ജീപ്പ് മറിഞ്ഞു ചികിത്സയിലായിരുന്ന അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷര്‍മിളയാണ് മരിച്ചത്. പാലക്കാട് കളളിക്കാടം ദീപം വീട്ടില്‍ ഷര്‍മിള ജയറാം(32) ആണ് അപകടത്തില്‍പ്പെട്ടത്.
ഡിസംബര്‍ 24നു വൈകിട്ട് അഞ്ചരയോടെയാണ് ഷര്‍മിള സഞ്ചരിച്ച ഔദ്യോഗിക വാഹനം പുഴയുടെ ചെമ്മണ്ണൂര്‍ ഭാഗത്തു കൈവരിയില്ലാത്ത വീതികുറഞ്ഞ പാലത്തില്‍നിന്നു പുഴയിലേക്കു വീണത്. ചികിത്സയിലായിരുന്ന ഡ്രൈവര്‍ ഉബൈദ് ഒരാഴ്ച മുന്‍പു മരിച്ചു. പുഴയുടെ മറുകരയില്‍ പന്നിയൂര്‍ പടികയിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ കൈവരികള്‍ നന്നാക്കാത്തതിനാലാണ് ജീപ്പ് മറിഞ്ഞത്. വാഹനത്തില്‍ അകപ്പെട്ട ഉബൈദിനെയാണ് ആദ്യം പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അഗളിയില്‍ ചുമതലയേറ്റ ഷര്‍മിള കാട്ടുതീ പ്രതിരോധത്തിലും വനത്തിനുള്ളിലെ കഞ്ചാവ് കൃഷി നശിപ്പിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.
റേഞ്ച് ഓഫീസറും ഉണ്ടെന്ന് ഉബൈദ് അറിയിച്ചതിനെത്തുടര്‍ന്നു വാഹനം പൊളിച്ചു ഷര്‍മിളയെ പുറത്തെടുത്തു. 20 മിനിറ്റോളം ഇവര്‍ വെള്ളത്തിനടിയിലായിരുന്നു. ചികിത്സയിലിരിക്കെ ജീവിതത്തിലേക്കു തിരിച്ചുവരുന്ന ലക്ഷണങ്ങള്‍ പലപ്പോഴായി കാണിച്ചെങ്കിലും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു
Post Your Comments