കോഴിക്കോട് : പുതുവര്‍ഷ ആഘോഷ ‘ലഹരി’ തലയ്ക്ക് പിടിച്ച യുവാക്കള്‍ സ്വന്തം സ്‌കൂട്ടര്‍ കത്തിച്ചു. വില്ലനായത് ബൈക്കില്‍ നിന്ന് മോഷ്ടിച്ച പെട്രോളും ലൈറ്ററും …പിന്നെയുണ്ടായ സംഭവം ഇങ്ങനെ. മറ്റൊരു ബൈക്കില്‍ നിന്ന് മോഷ്ടിച്ച പെട്രോള്‍ സ്‌കൂട്ടറില്‍ ഒഴിക്കുന്നതിനിടെ വെളിച്ചകുറവ് കാരണം ലൈറ്റര്‍ തെളിയിച്ചതാണ് യുവാക്കള്‍ക്ക് വിനയായത്. തീ ആളിക്കത്തുന്നത് കണ്ട യാത്രക്കാരന്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ മോഷണത്തിന്റെയും കഞ്ചാവിന്റെയും ചുരുളഴിയുകയുമായിരുന്നു.
പോലീസ് പറയുന്നതിങ്ങനെ , ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പട്രോളിംഗ് നടത്തുകയായിരുന്ന കണ്‍ട്രോള്‍ റൂം പാര്‍ട്ടിയാണ് തീപിടിത്തമുണ്ടായ സ്ഥലത്ത് ആദ്യം എത്തിയത്. ഇതോടെയാണ് യുവാക്കളുടെ വീരകഥ പുറത്തറിയുന്നത്. ചേളന്നൂര്‍ സ്വദേശികളായ ആറു സുഹൃത്തുക്കള്‍ രാത്രിയില്‍ പുതുവത്സരാഘോഷത്തിനായി കണ്ണാടിക്കലില്‍ ഉത്സവത്തിനാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
ഇതിനിടെ യുവാക്കളില്‍ ചിലര്‍ക്ക് കഞ്ചാവ് ലഭിച്ചു. കഞ്ചാവ് വലിച്ച് ലഹരി മൂത്തതോടെ യുവാക്കള്‍ കണ്ണാടിക്കല്‍ ഉത്സവസ്ഥലത്ത് നിന്ന് തലയാടിനടുത്ത വയലടയിലേക്ക് രണ്ടു ബൈക്കുകളില്‍ യാത്രക്കൊരുങ്ങി. അതിനിടെ സ്‌കൂട്ടറില്‍ പെട്രോളില്ലെന്ന സംശയം ബലപ്പെട്ടു.
ഇതിന് പട്രോള്‍ പമ്പില്‍ പോയി സമയം കളയാന്‍ തയാറാവാത്ത യുവാക്കള്‍ തൊട്ടടുത്തുള്ള സുബ്രഹ്മണ്യംക്ഷേത്രം റോഡിലേക്ക് വണ്ടി തള്ളിനീക്കി. റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത ശേഷം സ്‌കൂട്ടറില്‍ ഒഴിക്കാന്‍ തുടങ്ങി. പെട്രോള്‍ ടാങ്കിന്റെ ക്യാപ്പ് അഴിച്ചപ്പോള്‍ വെളിച്ചകുറവ് തോന്നിയ യുവാക്കള്‍ കൈയിലുള്ള പെട്രോള്‍ ഒരു തുള്ളിപോലും നഷ്ടപ്പെടരുതെന്ന് കരുതി ലൈറ്ററുരച്ച് ഒഴിക്കാന്‍ തുടങ്ങി. ലൈറ്ററില്‍ നിന്നും തീപടരുകയും സ്‌കൂട്ടര്‍ ആളിക്കത്തുകയുമായിരുന്നു.
തീയണയ്ക്കനാവാതെ യുവാക്കള്‍ പരിഭ്രാന്തരായി. ഇതിനിടെയാണ് അതുവഴിവന്ന ബാലുശേരി സ്വദേശി സംഭവം കാണാനിടയായത്. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴും സ്‌കൂട്ടര്‍ കത്തുകയായിരുന്നു. ഞങ്ങള്‍ പോലീസിനെ വിളിച്ചിട്ടില്ലെന്ന് പറഞ്ഞ യുവാക്കള്‍ പോലീസിനെ തിരിച്ചയയ്ക്കാനുള്ള ശ്രമം നടത്തി. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ മറ്റു ബൈക്കിലുള്ള മൂവര്‍ സംഘം മുങ്ങിയിരുന്നു.
സ്ഥലത്തുണ്ടായിരുന്ന മൂവരോടും കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പെട്രോള്‍ ഒഴിക്കുന്നതിനിടെ തീപടര്‍ന്നുവെന്നറിയിച്ചു. പെട്രോള്‍ എവിടെ നിന്ന് ലഭിച്ചെന്ന് ചോദിച്ചപ്പോള്‍ മൂവര്‍ക്കും വ്യത്യസ്ത മറുപടിയായിരുന്നു. ഇതോടെ പോലീസിന് സംശയം തോന്നി.
വിശദമായി ചോദിക്കാന്‍ തുടങ്ങിയതോടെ ഉത്സവം കാണാനെത്തിയതും കഞ്ചാവ് ഉപയോഗിച്ചതും പെട്രോള്‍ മോഷ്ടിച്ചതുമെല്ലാം തുറന്നുപറയുകയായിരുന്നു
Post Your Comments