ലക്നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം അരങ്ങേറിയ യുപിയിലെ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ അവധി നീട്ടി. ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടായശേഷം മാത്രം വിദ്യാര്‍ഥികള്‍ കോളേജിലേക്ക് എത്തിയാല്‍ മതിയെന്നും സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു സര്‍വകലാശാല അടച്ചിട്ടത്. നിരവധി വിദ്യാര്ഥികള്ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന പരീക്ഷകളുടെ പുതുക്കിയ തീയതിയും പിന്നീട് അറിയിക്കുമെന്നും പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ ജാമിയ മിലിയ വിദ്യാര്‍ഥികള്‍ ആരംഭിച്ച സമരം ഡിസംബര്‍ 15ന് അക്രമാസക്തമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പോലീസുമായി സംഘര്‍ഷം രൂപപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ജാമിയ മിലിയ യൂണിവേഴ്സിറ്റി കാമ്ബസില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. അലിഗഡ് യൂണിവേഴ്സിറ്റിയിലും പ്രക്ഷോഭം നടക്കുകയും യൂണിവേഴ്സിറ്റി അടയ്ക്കുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ കാമ്പസിൽ കയറാന്‍ പോലീസിന് അനുമതി നല്കിയ അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ താരിഖ് മന്സൂറിനെയും രജിസ്ട്രാര്‍ എസ്. അബ്ദുള്‍ ഹമീദിനെയും പുറത്താക്കിയെന്ന പ്രഖ്യാപനവുമായി അധ്യാപക, വിദ്യാര്‍ഥി കൂട്ടായ്മ മുമ്പ് രംഗത്തു വന്നിരുന്നു.
അവധിക്കുശേഷം സര്‍വകലാശാല തുറക്കുമ്പോൾ വൈസ് ചാന്‍സലറുടെ വസതിയില്‍നിന്നു തന്നെ ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രസ്താവനയില്‍ പറയുന്നു. വിസിയും രജിസ്ട്രാറുംകാമ്പസ് വിട്ടു പോകുന്നത് വരെ ഉപരോധം തുടരുമെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും ചേര്‍ന്ന കൂട്ടായ്മ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
Post Your Comments