കൊച്ചി: ആദിവാസി യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിതൂക്കി കൊടും വനത്തിലൂടെ മൂന്നു കിലോമീറ്റര്‍ നടന്ന് കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി ഊരിലാണ് സംഭവം. ചീഫ് സെക്രട്ടറിയും എറണാകുളം ജില്ലാകളക്ടറും വിഷയം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഊരിലെ സോമന്റെ (37) മൃതദേഹമാണ് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് മുളന്തണ്ടില്‍ കെട്ടിത്തൂക്കി മൂന്ന് കിലോമീറ്റര്‍ ദൂരം കൊണ്ടുപോകേണ്ടി വന്നത്. വനാന്തരത്തിലുള്ള ആദിവാസി ഊരാണ് കുഞ്ചിപ്പാറ. ഇവിടെ വൈദ്യുതി, ഗതാഗത സൗകര്യങ്ങളില്ല. സോമന്റെ മരണത്തെ തുടര്‍ന്ന്് പൊലീസെത്തി ഇന്‍ക്വസ്റ്റ് തയാറാക്കിയെങ്കിലും മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ആശുപത്രിയിലെത്തിക്കാന്‍ ജീപ്പുണ്ടായിരുന്നില്ല. വാഹനം ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് പായയില്‍ പൊതിഞ്ഞെടുത്ത മൃതദേഹം മുളന്തണ്ടില്‍ കെട്ടിത്തൂക്കി കാട്ടിലൂടെ നടന്ന് മൂന്ന് കിലോമീറ്റര്‍ അപ്പുറമുള്ള കല്ലേല്‍മേട്ടില്‍ എത്തിച്ചു. അവിടെ നിന്നും ഒരു വ്യാപാരിയുടെ ജീപ്പില്‍ കയറ്റിയായിരുന്നു മൃതദേഹം ആശുപത്രിയിലെത്തിച്ചത്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
Post Your Comments