ചാര്‍ജെടുത്ത് മൂന്നാം ദിവസം സൈക്കിളില്‍ ആരുമറിയാതെ ജില്ലാ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി നാരായണ റെഡ്ഡി ഐ എ എസ്. നാരായണ റെഡ്ഡി തെലുങ്കാനയിലെ നിസാമാബാദ് ജില്ലാ കലക്ടറായി ചാര്‍ജെടുത്തത് ഡിസംബര്‍ 24 നായിരുന്നു. 27 നു രാവിലെ 7 മണിക്കാണ് സ്വന്തം സ്റ്റാഫിനോടുപോലും പറയാതെ ഗണ്മാനെ ഒപ്പം കൂട്ടാതെ അദ്ദേഹം റോഡ് ആന്‍ഡ് ബില്‍ഡിങ് വിഭാഗത്തിന്റെ ഗസ്റ്റ് ഹൗസിലെത്തി. അവിടെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയ അദ്ദേഹം അനാസ്ഥയുടെയും പോരായ്മകളുടെയും ലിസ്റ്റ് തന്നെ തയ്യാറാക്കി. ഉടനടി പരിഹാരത്തിനും വിശദീകരണത്തിനുമായി 24 മണിക്കൂര്‍ സമയം അധികാരികള്‍ക്ക് ഫോണില്‍ക്കൂടി നല്‍കിയ അദ്ദേഹം അവരെത്തുന്നതിനു മുമ്പേ അവിടം വിട്ടു. അടുത്ത ലക്ഷ്യം നിസാമാബാദ് ജില്ലാ ആശുപത്രിയായിരുന്നു. സൈക്കിളില്‍ തലയിലൊരു ക്യാപ്പും വച്ച അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.
8 മണിക്കെത്തേണ്ടുന്ന ഡോക്ടര്‍മാര്‍ പലരുമെത്തിയില്ല, സ്റ്റാഫിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. രോഗികളോടും അവരുടെ കൂട്ടിരുപ്പുകാരോടും ചങ്ങാത്തംകൂടി തറയില്‍ കുത്തിയിരുന്നാണ് കാര്യങ്ങളെല്ലാം അവരില്‍നിന്നും നിന്നും മനസിലാക്കിയത്. ഫാര്‍മസിയിലെ മരുന്ന് ദൗലഭ്യം നേരിട്ടുകണ്ടു മനസ്സിലാക്കി. താമസിച്ചുവന്ന അറ്റന്‍ഡര്‍മാരെ ചോദ്യം ചെയ്തപ്പോള്‍ ആളറിയാതെ അവരദ്ദേഹത്തെ കയ്യേറ്റവും ചെയ്യാനും ശ്രമം നടന്നു. നിസാമാബാദ് ജില്ലാ ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച ആധുനികസൗകര്യങ്ങളുള്ള 17 മത്തെ ആശുപത്രിയെന്ന നിലയില്‍ റിക്കാര്‍ഡുകളില്‍ പ്രസിദ്ധമാണ്. പക്ഷേ ആശുപത്രിയുടെ ശോച്യാവസ്ഥയും രോഗികളുടെ ദൈന്യതയും ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റേയും അനാസ്ഥയും നേരിട്ടുകണ്ട അദ്ദേഹം ശരിക്കും ഞെട്ടി. കളക്ടറെത്തിയ വിവരമറിഞ്ഞ് ഓടിക്കിതച്ചെത്തിയ ആശുപത്രി സൂപ്രണ്ട് രാമലുവിന്റെ കയ്യില്‍ നീണ്ടൊരു ലിസ്റ്റാണ് കളക്ടര്‍ വച്ചുകൊടുത്തത്. ഉടനടി പരിഹാരം കാണേണ്ട വിഷയങ്ങളും നടപടികളും അതിനുള്ള മതിയായ വിശദീകരണങ്ങളും അതും 24 മണിക്കൂറിനുള്ളില്‍ വേണമെന്ന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് സൈക്കിളില്‍ തന്നെ അദ്ദേഹം മടങ്ങി.
Post Your Comments