സാന്‍ ഫ്രാന്‍സിസ്കോ: തിരക്കേറിയ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ലാസ് വെഗാസില്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള തുരങ്കം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് നൂതന സംരംഭകന്‍ എലോണ്‍ മസ്ക് ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങള്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഈ തുരങ്കം നിര്‍മ്മിക്കുന്നത് എലോണ്‍ മസ്ക് സ്ഥാപിച്ച, നൂതന സാങ്കേതിക വിദ്യകള്‍ക്കധിഷ്ഠിതമായ നിരവധി സംരംഭകരിലൊന്നായ ‘ദി ബോറിംഗ്’ കമ്പനിയും ‘ടെസ്ല ഇലക്ട്രിക് കാര്‍ കമ്പനി’യും, റോക്കറ്റ് ലോഞ്ച് വാഹനങ്ങള്‍ വികസിപ്പിക്കുന്ന ‘സ്പേസ് എക്സും’ ചേര്‍ന്നാണ്.
കണ്‍വന്‍ഷന്‍ സെന്‍ററില്‍ നിന്ന് സ്ട്രിപ്പ് മാളിലേക്ക് പോകുന്ന ആദ്യത്തെ വാണിജ്യ തുരങ്കം ബോറിംഗ് കമ്പനി ലാസ് വെഗാസില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു എന്ന് 48 കാരനായ ശതകോടീശ്വരന്‍ എലോണ്‍ മസ്ക് ട്വീറ്റ് ചെയ്തു. രണ്ടാമത്തെ ട്വീറ്റില്‍ ഇത് 2020 ല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
ലാസ് വെഗാസ് കണ്‍വന്‍ഷന്‍ സെന്‍റര്‍ വിശാലമായ ഒരു സമുച്ചയമാണ് – 0.8 മൈല്‍ (1.3 കിലോമീറ്റര്‍) ദൈര്‍ഘ്യമുള്ള തുരങ്കം സെന്ററില്‍ നിന്ന് നഗരത്തിലെ പ്രശസ്തമായ സ്ട്രിപ്പിലേക്ക് യാത്രചെയ്യാന്‍ സഹായിക്കും. സ്ട്രിപ്പിലാണ് നിരവധി പ്രധാന ഹോട്ടലുകളും കാസിനോകളും സ്ഥിതിചെയ്യുന്നത്.
ചെറിയ, സ്വയം ചലിക്കുന്ന വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റാന്‍ പ്രാപ്തിയുള്ള ഇരട്ട തുരങ്കങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ലാസ് വെഗാസ് അധികൃതര്‍ മാര്‍ച്ചില്‍ ദി ബോറിംഗ് കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ഓരോ വാഹനത്തിലും എട്ട് മുതല്‍ 16 വരെ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പുതുമകളിലും നൂതന സാങ്കേതികവിദ്യകളിലും എപ്പോഴും ജിജ്ഞാസുവായ, ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മസ്ക്, യാത്രക്കാരെ കയറ്റിയ കാപ്സ്യൂളുകള്‍ അനായാസം ഉയര്‍ന്ന വേഗതയിലും എന്നാല്‍ താഴ്ന്ന മര്‍ദ്ദമുള്ള ട്യൂബുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന ‘ഹൈപ്പര്‍ ലൂപ്പ്’ എന്ന ഭാവിയിലെ ഭൂഗര്‍ഭ ട്രെയിന്‍ സംവിധാനത്തെക്കുറിച്ച് വളരെക്കാലമായി ചിന്തിച്ചിരുന്നു.
തിരക്കേറിയ വടക്കുകിഴക്കന്‍ ഇടനാഴിയിലൂടെ വാഷിംഗ്ടണിനെയും ന്യൂയോര്‍ക്കിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം അദ്ദേഹം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ചിക്കാഗോയേയും ലോസ് ഏഞ്ചല്‍സിനേയും ബന്ധിപ്പിക്കുന്ന പദ്ധതിയും അദ്ദേഹത്തിന്റെ ഭാവനയിലുണ്ട്.
കഴിഞ്ഞ വര്‍ഷം മസ്ക്കിന്‍റെ കമ്പനി കാലിഫോര്‍ണിയയില്‍ ഒരു പുതിയ ടെസ്റ്റ് ടണല്‍ റിപ്പോര്‍ട്ടര്‍മാരെ കാണിച്ചുവെങ്കിലും ലാസ് വെഗാസ് ബോറിംഗാണ് ആദ്യത്തെ ഉപഭോക്താവ്.
ലാസ് വെഗാസ് റിവ്യൂ ജേണലിന്‍റെ കണക്കനുസരിച്ച് തുരങ്കത്തിന് ചിലവ് തുടക്കത്തില്‍ 35 മില്യണ്‍ ഡോളര്‍ ആയിരുന്നെങ്കിലും പിന്നീടത് 52.5 മില്യണ്‍ ഡോളറായി ഉയര്‍ന്നു.
കൂടുതല്‍ തിരക്കേറിയ ലോകത്ത് നഗര ഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ബോറിംഗിന്റെ സാങ്കേതിക വിദ്യ സഹായിക്കുമെന്ന് മസ്ക് പ്രതീക്ഷിക്കുന്നു.
കാലിഫോര്‍ണിയയിലെ ബെല്‍ എയറിലെ തന്റെ ബംഗ്ലാവിനും ലോസ് ഏഞ്ചല്‍സിന് തെക്ക് ഹോത്തോണിലെ സ്പേസ് എക്സ് ഓഫീസുകള്‍ക്കുമിടയില്‍ ഒരിക്കല്‍ ഗതാഗതക്കുരുക്കില്‍ പെട്ട് മണിക്കൂറുകളോളം കാറില്‍ അക്ഷമയൊടെ ഇരിക്കുമ്പോഴാണ് ഈ ആശയം തനിക്ക് മനസ്സില്‍ തോന്നിയതെന്ന് മസ്ക് പറയുന്നു.
ആയിരക്കണക്കിന് സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനങ്ങള്‍ അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്. ഒടുവില്‍ ദശലക്ഷക്കണക്കിന് ആളുകളെ മണിക്കൂറില്‍ 155 മെല്‍ (250 കിലോമീറ്റര്‍) വേഗതയില്‍ ഭൂഗര്‍ഭ ഗതാഗത സംവിധാനത്തിലേക്ക് മാറ്റുമെന്നും, ഇത് ലാസ് വെഗാസ് ലിങ്കിനായി ആസൂത്രണം ചെയ്ത കുറഞ്ഞ വേഗതയായ 35 മൈലിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കുമെന്നും മസ്ക് പ്രതീക്ഷിക്കുന്നു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments