മുംബൈ: ശമ്പള അക്കൗണ്ടുകള്‍ മാറ്റുന്നതുമായുള്ള തർക്കത്തിൽ മഹാരാഷ്ടയിൽ അമൃത ഫഡ്‌നാവിസും, പ്രിയങ്ക ചതുര്‍വേദിയും തമ്മിലുളള പോര് ശക്തമാകുന്നു. താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് മാറ്റാനുള്ള കോര്‍പറേഷന്റെ തീരുമാനത്തെ വിമര്‍ശിച്ച അമൃത ഫഡ്‌നാവിസിനെതിരെ ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദി രംഗത്തു വന്നു.
അമൃത ഫഡ്‌നാവിസും ശിവസേനയും തമ്മില്‍ സമൂഹമാധ്യമങ്ങളില്‍ വാക്‌പോര് തുടരുന്നതിനിടെയായിരുന്നു അക്കൗണ്ടുകള്‍ മാറ്റാനുള്ള തീരുമാനം. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണം ശിവസേനക്കാണ്. ആക്‌സിസ് ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് അമൃത. ആക്‌സിസ് ബാങ്കില്‍ നിന്ന് അക്കൗണ്ടുകള്‍ ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാനുള്ള തീരുമാനം തനിക്കും ഭര്‍ത്താവും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫ്ഡനാവിസിനും എതിരായ ശിവസേനയുടെ പ്രതികാര നടപടിയാണെന്ന് അമൃത ആരോപിച്ചിരുന്നു.
അതേസമയം, പ്രതികാര നടപടിയെന്ന അമൃതയുടെ ആരോപണം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് പ്രിയങ്ക പറഞ്ഞത്. അക്കൗണ്ടുകള്‍ മാറ്റാനുള്ള തീരുമാനത്തെ പ്രതികാര നടപടി എന്ന് വിമര്‍ശിക്കുക വഴി അമൃത ജോലി ചെയ്യുന്ന ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ തുടങ്ങാന്‍ മുന്‍സര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്തതായി വേണം മനസ്സിലാക്കാനെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആക്‌സിസ് ബാങ്കിലേക്ക് ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് അക്കൗണ്ടുകള്‍ മാറ്റിയത് എന്തെങ്കിലും സ്ഥാപിത താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണോ എന്ന് അന്വേഷിക്കണം. അക്കൗണ്ടുകള്‍ നല്‍കിയ ശേഷം ആക്‌സിസ് ബാങ്ക് ബിജെപി പദ്ധതികള്‍ക്ക് എന്തെങ്കിലും അല്ലെങ്കില്‍ എത്ര സിഎസ്ആര്‍ (കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി)നല്‍കിയിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
Post Your Comments