കൊച്ചി : ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവും തോളിലേറ്റി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്ററോളം ദൂരം. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്ത സോമന്റെ (42) മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാനായി കോതമംഗലം ആശുപത്രിയിലെത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകളൊന്നും കോളനിയിലേക്ക് വന്നില്ല. ജീപ്പുകള്‍ കിട്ടാതിരുന്നതും മൃതദേഹം ചുമന്ന് കൊണ്ടുപോകേണ്ട സാഹചര്യമായി. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് മൃതദേഹം പായയില്‍ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചു. അവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പില്‍ കൊണ്ടുപോവുകയായിരുന്നു. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലേക്കും എത്തിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളം നിറഞ്ഞാല്‍ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്‌കരമാകുകയും കോളനിക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും പതിവാണ്.
Post Your Comments