തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ വിമർശിച്ച കരസേന മേധാവി ബിപിൻ റാവത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്ത്. കരസേനാ മേധാവി വായടയ്ക്കണമെന്നും സ്വന്തം ജോലി ചെയ്താൽ മതിയെന്നും പൗരത്വ ബില്ലിനെതിരേ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ സംസാരിക്കവേ ചിദംബരം വിമർശിച്ചു.
യുദ്ധം ചെയ്യേണ്ടത് എങ്ങനെയെന്ന് രാഷ്ട്രീയക്കാർ നിർദ്ദേശിക്കാറുണ്ടോ എന്നും ചിദംബരം ചോദിച്ചു. രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ വരരുത്. ഞങ്ങൾ രാഷ്ട്രീയം സംസാരിക്കാം. താങ്കൾ അതിൽ അതിൽ ഇടപെടേണ്ട.കരസേന മേധാവിക്ക് കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കേണ്ടി വരുന്നത് ലജ്ജാകരമായ അവസ്ഥയാണ്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Also read : ചരിത്ര കോണ്‍ഗ്രസ് വേദിയിലെ പ്രതിഷേധം;ഗവര്‍ണര്‍ കണ്ണൂര്‍ വിസിയെ വിളിപ്പിച്ചു, വീഡിയോ ഹാജരാക്കാനും നിര്‍ദ്ദേശം
സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ പ്രതിഷേധങ്ങൾക്കെതിരെ കരസേനാ മേധാവി പ്രതികരിച്ചിരുന്നു. ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പമുണ്ടാകും. എന്നാൽ അത് എളുപ്പമല്ല വളരെ സങ്കീർണമായ കാര്യമാണ്. ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകുമെങ്കിലും ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ അല്ലാതെ ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഇതല്ല നേതൃത്വമെന്നും കരസേനാ മേധാവി പറഞ്ഞിരുന്നു.
Post Your Comments