കോഴിക്കോട്: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപക പ്രക്ഷേഭങ്ങള്‍ അരങ്ങേറുകയാണ്. പലയിടത്തും നിരേധനാജ്ഞ, അറസ്റ്റ്, വെടിവെയ്പ് അങ്ങനെ പലതും നടക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ കോണുകളിലും സിനിമ സാംസ്‌കാരിക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനും ഹരിനാരായണനുമെതിരേ കേസ്.
അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും മൈക്കുപയോഗിച്ചെന്നുമാണ് പൊലീസ് വാദം. സംഗീത നിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമാണെന്ന് പൊലീസ് പറഞ്ഞു. റഫീഖ് അഹമ്മദും കൂടെ ഇരുപതിലേറെ ഗായകരും കവിത ചൊല്ലാന്‍ എത്തിയിരുന്നു. പ്രതിഷേധമാണെന്ന് തിരിച്ചറിഞ്ഞതോടെ പാര്‍ക്കില്‍ നിന്ന് പുറത്തു പോകണമെന്ന് പൊലീസ് വിലക്കി.എന്നാല്‍ കോര്‍പറേഷന്റെ അനുമതി പത്രം പ്രതിഷേധക്കാര്‍ പൊലീസിനു മുമ്പില്‍ കാണിച്ചു കൊടുത്തു. അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞതോടെ പാട്ടുസമരം പാര്‍ക്കിനു പുറത്തു നടത്തി.
കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പരിപാടിക്ക് അനുമതി നേടി, മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലാതെ അതുപയോഗിച്ചു എന്നാണ് പൊലീസ് വാദം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും ഇനിയും ഇത്തരം പരിപാടികളില്‍ വിളിച്ചാല്‍ പോകുമെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായാണു തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments