അമരാവതി: ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാക്കള്‍ വീട്ടുതടങ്കലില്‍. ടിഡിപി എംപി കേശിനേനി ശ്രീനിവാസ്, ടിഡിപി എംഎല്‍എ ബുദ്ധ വെങ്കണ്ണ എന്നിവരെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ ജഗന്റെ മൂന്നു തലസ്ഥാന ഫോര്‍മുലയ്ക്ക് അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളെ തടങ്കലിലാക്കിയതെന്നാണ് റിപ്പോർട്ട്. അമരാവതിക്കുപുറമേ വിശാഖപട്ടണവും കര്‍ണൂലും തലസ്ഥാന പദവിയിലേക്ക് ഉയര്‍ത്തുക എന്നതാണ് ജഗന്റെ ലക്ഷ്യം. അതേസമയം വിജയവാഡയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നതില്‍നിന്നു തടയാനാണ് നേതാക്കളെ തടങ്കലിലാക്കിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞ ടിഡിപി സര്‍ക്കാരിന്റെ കാലത്ത് തലസ്ഥാന നഗര നിര്‍മാണത്തിനായി ഭൂമി നല്കിയവരാണ് പ്രക്ഷോഭം നടത്തുന്നത്. അമരാവതിയില്‍നിന്നു തലസ്ഥാനം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ലാന്‍ഡ് പൂളിംഗ് പദ്ധതി പ്രകാരം 33,000 ഏക്കര്‍ ഭൂമിയാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതിലേക്ക് സ്വമേധയാ തങ്ങളുടെ ഫലഭൂയിഷ്ഠമായ ഭൂമി വിട്ടു നല്കിയ 28000 കര്‍ഷകരാണ് ഇപ്പോൾ തെരുവിലായിരിക്കുന്നത്.
Post Your Comments