ന്യൂഡൽഹി: പൗരത്വമില്ലാത്തവരെ പാർപ്പിക്കാനുള്ള തടവുകേന്ദ്രങ്ങളെച്ചൊല്ലി ബിജെപിയും, കോൺഗ്രസ്സും പരസ്‌പരം കുറ്റപ്പെടുത്തുകയാണ്. രാജ്യത്തെവിടെയും തടവുകേന്ദ്രങ്ങളില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ ആദ്യദിവസംതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരത മാതാവിനോട് കള്ളം പറയുകയാണെന്ന പരിഹാസവുമായി, അസമിലെ ഗ്വാൽപാഡ ജില്ലയിൽ പണിപൂർത്തിയാകുന്ന തടവുകേന്ദ്രത്തിന്റെ വീഡിയോ രാഹുൽ ഗാന്ധി വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബി.ബി.സി. റിപ്പോർട്ട് ചെയ്ത വാർത്തയുടെ ചെറിയൊരു ഭാഗമാണ് വീഡിയോയിലുള്ളത്.
അതേസമയം, രാഹുൽ കള്ളം പറയുകയാണെന്ന് ബി.ജെ.പി. തിരിച്ചടിച്ചു. കേന്ദ്രത്തിലും അസമിലും കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സ്ഥാപിച്ചതാണ് തടവുകേന്ദ്രങ്ങളെന്ന് പാർട്ടിവക്താവ് സാംബിത് പത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഹുലിന്റെ പാർട്ടി അസമിൽ മൂന്നു തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. തടവുകേന്ദ്രങ്ങളും പൗരത്വപ്പട്ടികയുമായി ബന്ധമില്ല. രാഹുൽ തരംതാണ ഭാഷയിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിൽനിന്ന് ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല -പത്ര പറഞ്ഞു.
യു.പി.എ. സർക്കാരിന്റെ സമയത്ത് കോൺഗ്രസാണ് തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചതെന്നതിനു തെളിവായി ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ലോക്‌സഭയിൽ നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പും അദ്ദേഹം വിതരണം ചെയ്തു. 2011 ഡിസംബർ 13-ന് നൽകിയ മറുപടിയാണിത്.
ഗ്വാൽപാഡ, കൊക്രജാർ, സിൽച്ചർ എന്നിവിടങ്ങളിൽ അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും പാർപ്പിക്കാൻ മൂന്നു തടവുകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് മറുപടിയിൽ പറയുന്നത്. 2011 നവംബർവരെ 362 അനധികൃത കുടിയേറ്റക്കാരെ ഈ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ട്. 221 പേർ ഗ്വാൽപാഡയിലും 79 പേർ കൊക്രജാറിലും 62 പേർ സിൽച്ചറിലും ഉണ്ട്. നവംബർവരെ 78 പേരെ അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചിട്ടുണ്ടെന്നും മറുപടിയിൽ പറഞ്ഞിരുന്നു.
Post Your Comments