ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച് കരസേനാ മേധാവി ബിപിൻ റാവത്ത്. സായുധ കലാപം അഴിച്ചു വിടുന്ന ആൾക്കൂട്ടത്തെ നയിക്കുന്നവർ നേതാക്കളല്ലെന്നു ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഡിസംബർ 31-ന് കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിക്കാനിരിക്കവെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയത്.
ജനത്തെ നയിക്കുന്നവരാണ് നേതാക്കൾ. നിങ്ങൾ മുന്നോട്ടു നടക്കുമ്പോൾ, നിങ്ങളെ പിന്തുടരുന്നവരും ഒപ്പമുണ്ടാകും. എന്നാൽ അത് എളുപ്പമല്ല വളരെ സങ്കീർണമായ കാര്യമാണ്. ജനക്കൂട്ടത്തിനിടയിലും നേതാക്കളുണ്ടാകുമെങ്കിലും ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ അല്ലാതെ ജനങ്ങളെ അക്രമത്തിലേക്കും, മറ്റും തള്ളി വിടുന്നവരല്ല. രാജ്യത്തെ സർവകലാശാലകളിലും വിദ്യാർത്ഥികൾക്കിടയിലും നടക്കുന്ന പ്രതിഷേധങ്ങൾ നമ്മൾ കാണുന്നുണ്ട്. അവർ ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് നമ്മൾ കാണുന്നതെന്നും ഇതല്ല നേതൃത്വമെന്നും കരസേനാ മേധാവി പറഞ്ഞു.
അതിർത്തി കാക്കുന്ന സൈനികർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു. ഡൽഹിയിൽ ൽ തണുപ്പ് തടയാൻ നമ്മൾ കമ്പിളി വസ്ത്രങ്ങൾ ധരിച്ച് സുരക്ഷിതരായി കഴിയുമ്പോൾ മൈനസ് പത്ത് മുതൽ മൈനസ് 45 ഡിഗ്രി വരെ തണുപ്പിൽ അതിർത്തിയിൽ കഴിയുന്ന ജവാൻമാരെ ഓർക്കണമെന്നു കരസേനാ മേധാവി പറഞ്ഞു.
Post Your Comments