ആകാശത്ത് വിസ്മയമൊരുക്കി നാളെ വലയ സൂര്യഗ്രഹണം. കേരളത്തിലും ഈ ഗ്രഹണം ദൃശ്യമാകും. രാവിലെ ഏകദേശം 8 മണി മുതൽ 11 മണി വരെയുള്ള സമയത്താണ് ഇതുസംഭവിക്കുക. കേരളത്തിൽ കോഴിക്കോടു നിന്ന് പാലക്കാട്ടേക്ക് ഒരു വര സങ്കല്പിച്ചാൽ അതിന്റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും കാണാൻ കഴിയും. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം മറയും.
സൂര്യഗ്രഹണത്തില്‍ സൂര്യനെ നേരിട്ട് നോക്കാൻ പാടില്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഓരോ സൂര്യഗ്രഹണത്തിലും അനേകം ആളുകള്‍ക്കാണ് കാഴ്ച ശക്തി പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തില്‍ സൂര്യഗ്രഹണത്തെയും കണ്ണിനെയും പറ്റി കുറച്ച് കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തരികയാണ് തിരുവനന്തപുരം ദിവ്യ പ്രഭാ കണ്ണാശുപത്രിയിലെ പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധന്‍ ഡോ.ദേവിൻ പ്രഭാകർ.
ഡോക്ടറിന്റെ വാക്കുകളിലൂടെ…
നാളെ സൂര്യഗ്രഹണം ആണ്. സൂര്യഗ്രഹണത്തിൽ കാഴ്ച നഷ്ട്ടപ്പെട്ട അനേകം രോഗികളെ കാണുന്നതുകൊണ്ടു സൂര്യഗ്രഹണത്തെയും കണ്ണിനെയും പറ്റി കുറച്ചു കാര്യങ്ങൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നു.
നമുക്കെല്ലാപേർക്കും അറിയാം സൂര്യനെ നേരിട്ട് നോക്കാൻ സാധിക്കില്ല. സൂര്യന്റെ അതിപ്രഭാവം കാരണം കണ്ണുകൾ മങ്ങി പോകുന്നു. അതേ സമയം സൂര്യഗ്രഹണ സമയത്ത് വെളിച്ചം കുറവായതു കൊണ്ട് നമുക്ക് നേരിട്ട് സൂര്യനെ നോക്കാൻ സാധിക്കുന്നു. വെളിച്ചം കുറവാണെങ്കിലും ഈ സമയത്തും സൂര്യനിൽ നിന്നു അൾട്രാവയലെറ്റ് രശ്മികളും മറ്റു റേഡിയേഷൻസും ഉത്ഭവിക്കുന്നതുകൊണ്ടു ഈ വെളിച്ചം കണ്ണിന്റെ കൃഷ്ണമണിയിലൂടെ കടന്ന് കണ്ണിന്റെ നാഡിയായ റെറ്റിനയിലോട്ടു പതിക്കുകയും അവിടെ ചെറിയ ഒരു പൊള്ളലുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ നാഡികൾക്കു പൊള്ളലുണ്ടായിക്കഴിഞ്ഞാൽ അതു സ്ഥായിയായ കാഴ്ചക്കുറവിലോട്ടു നയിക്കുന്നു. ഈ നഷ്ട്ടപ്പെടുന്ന കാഴ്ച നമുക്ക് തിരിച്ചു കിട്ടുകയില്ല. അതുകൊണ്ട് തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യനെ ഒരിക്കലും നേരിട്ട് നോക്കുവാൻ പാടില്ല.
സൂര്യഗ്രഹണം കാണുവാൻ വേണ്ടി നിർമ്മിച്ചിട്ടുള്ള സോളാർ ഫിൽറ്റർ കണ്ണടകൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പക്ഷെ സാധാരണ യൂ. വി ഫിൽറ്റർ, x-ray ഫിലിമുകളോ അല്ലെങ്കിൽ വെള്ളത്തിന്റെ പ്രതിബിംബത്തിലൂടെയോ നോക്കുന്നത് കണ്ണിന്റെ കാഴ്ചക്കുറവിലോട്ടു നയിക്കും. സോളാർഫിൽറ്റർ കൊണ്ടുള്ള കണ്ണടകൾ(ക്യാമറ ലെൻസ് ) ആണെങ്കിൽ പോലും അതിലുടെ നേരിട്ട് നോക്കിക്കഴിഞ്ഞാൽ അതിതീവ്രമായ രശ്മികൾ കണ്ണിന്റെ നാഡിയെ കേന്ദ്രീകരിക്കുന്നത് കൊണ്ട് ക്യാമെറയിലുള്ള സോളാർ ഫിൽറ്റർ ലെൻസ് ഉപയോഗിക്കുന്നതും കണ്ണിന്നു അപകടകരമാണ്.
അറിയാതെ സൂര്യഗ്രഹണം നേരിട്ട് നോക്കുകയാണെകിൽ എത്രയും വേഗം ഒരു നേത്രരോഗ വിദഗ്ധനെകാണിച്ചു കാഴ്ച പരിശോധിപ്പിക്കേണ്ടതാണ്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കണ്ണിന്റെ റെറ്റിനയുടെ സ്കാനിങ് ആയ OCT ടെസ്റ്റ് ചെയ്തുകഴിഞ്ഞാൽ കണ്ണിന് എന്തെങ്കിലും തകരാറു സംഭവിച്ചിട്ടുണ്ടോ അതിനു എന്തെങ്കിലും ചികിൽസ വേണോ എന്നുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നു. ഈ വിവരം പ്രത്യേകിച്ച് കുട്ടികളോട് കൂടി പറയേണ്ടതാണ് . അറിയാതെ അവർ പുറത്തേക്കിറങ്ങി സൂര്യഗ്രഹണത്തിലോട്ടു നോക്കിക്കഴിഞ്ഞാൽ അവർക്കും മേല്പറഞ്ഞ അപകടം വരാൻ സാധ്യതയുണ്ട്.
ഏറ്റവും നല്ലത് ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുന്ന സൂര്യഗ്രഹണം കാണുന്നതാണ്. നേരിട്ടു നോക്കണം എന്ന് നിര്ബന്ധമുള്ളവർ സോളാർ ഫിൽറ്റർ ഉപയോഗിച്ച് നോക്കിയിട്ട് കണ്ണുകൾ പെട്ടെന്ന് അതിൽ നിന്നു മാറ്റുക. ഫിൽറ്റർ ഉപയോഗിച്ചിട്ടാണെങ്കിൽ കൂടിയും ഏറെ സമയം സൂര്യഗ്രഹണം നോക്കി നിൽക്കുവാൻ പാടില്ല.
ഡോ. ദേവിൻ പ്രഭാകർ MS, FRCS.
ദിവ്യ പ്രഭാ കണ്ണാശുപത്രി
Post Your Comments