ഹൈദരാബാദ് : ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ആള്‍ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എഐഎംഐഎം) നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ദേശീയ ജനസംഖ്യ രജിസ്റ്ററും(എന്‍പിആര്‍) ദേശീയ പൗരത്വ രജിസ്റ്ററും(എന്‍ആര്‍സി) തമ്മില്‍ വ്യത്യാസമില്ല. അമിത് ഷാ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഒവൈസി പ്രതികരിച്ചു.
സിഎഎയും എന്‍പിആറിനെയും എതിര്‍ക്കുന്നതിനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിക്കാന്‍ മുഖ്യമന്ത്രി സമ്മതിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ രേഖകള്‍ അനുസരിച്ച് എന്‍ആര്‍സിയിലേക്കുള്ള ആദ്യപടിയാണ് എന്‍പിആറെന്നും അതുകൊണ്ട് തന്നെ കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളെ മാതൃകയാക്കി എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും അമിത് ഷാ തെറ്റായ പരാമര്‍ശത്തിലൂടെ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഒവൈസി വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ ശക്തമായതോടെ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എന്‍.പി.ആർ) തമ്മില്‍ ബന്ധമില്ലെന്നും, അത് താൻ ഉറപ്പ് നൽകുന്നുവെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു. രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പിലാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ചര്‍ച്ചനടത്തയിട്ടില്ല. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍സിക്ക് വേണ്ടിയല്ല എന്‍.പി.ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് പൗരത്വം ഇല്ലാതാക്കാനാവില്ല. പ്രതിപക്ഷം എന്‍.പി.ആറിനെതിരെ ഭയം സൃഷ്ടിക്കുകയാണെന്നും കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.
Post Your Comments