ഇന്ത്യയുടെ ഭാവി യുവതയുടെ കൈകളിൽ സുരക്ഷിതമാണെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഭരണഘടനയെയും നവോത്ഥാന മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഇന്ത്യൻ ജനത പോരാടുകയാണ്. ഇതിൽ വിദ്യാർത്ഥികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നേട്ടങ്ങൾ കൊയ്യാനായി. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പുതിയതായി കടന്നുവരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
സ്‌കൂളുകളിൽ സ്മാർട്ട് ക്‌ളാസ് റൂമുകളായി. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സ്‌കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ മാത്രം മൂന്നു സ്‌കൂളുകളാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നത്. നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യംവഹിച്ച മാതൃകാസ്ഥാപനമാണ് എസ്. എം. വി സ്‌കൂൾ. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റങ്ങൾക്ക് നെടുനായകത്വം വഹിക്കാൻ സ്‌കൂളിന് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. എസ്. എം. വി സ്‌കൂളിലെ മുതിർന്ന ഹെഡ്മാസ്റ്റർ, പൂർവ അധ്യാപകൻ, പൂർവ വിദ്യാർത്ഥി, പൂർവ പി. ടി. എ പ്രസിഡന്റ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. വി. എസ്. ശിവകുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു. 1834ൽ സ്വാതിതിരുനാൾ രാജാവാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇംഗ്‌ളീഷ് സ്‌കൂൾ സ്ഥാപിച്ചത്. 1919ലാണ് ശ്രീമൂലം വിലാസം ഹൈസ്‌കൂളായി മാറിയത്.
Post Your Comments