നീലേശ്വരം : ഗോവയിലേയ്ക്ക് പോകാന്‍ യുവാക്കള്‍ ബുള്ളറ്റ് തന്നെ വേണം . ഇതിനായി ബുള്ളറ്റ് മോഷ്ടിച്ച രീതിയാണ് ഇപ്പോള്‍ പൊലീസില്‍ ചര്‍ച്ചാ വിഷയം . ദേശീയപാതയില്‍ നിന്നു മോഷ്ടിക്കപ്പെട്ട ബൈക്കിനെക്കുറിച്ചുള്ള അന്വേഷണം ചുരുളഴിച്ചത് സിനിമാസ്‌റ്റൈല്‍ തിരക്കഥ. വളപട്ടണത്തു നിന്നു മോഷ്ടിച്ച് ഗോവയ്ക്കു കടത്തുകയായിരുന്ന ബുള്ളറ്റ് നീലേശ്വരത്തു കേടായപ്പോള്‍ നീലേശ്വരത്തു നിന്നു മറ്റൊന്നു മോഷ്ടിച്ച് മോഷണ സംഘം യാത്ര തുടരുകയായിരുന്നുവെന്നു നീലേശ്വരം എസ്‌ഐ, രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
കരുവാച്ചേരി ജുമാ മസ്ജിദിനു സമീപത്തെ അബ്ദുല്‍ വാരിസിന്റെ കെഎല്‍ 60 ഡി 6179 നമ്പര്‍ ബുള്ളറ്റ് ആണ് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ മോഷ്ടിക്കപ്പെട്ടത്. ബൈക്ക് മോഷ്ടിക്കാനെത്തിയ സംഘം പൊലീസ് പട്രോളിങ് ടീമിന്റെ കണ്ണില്‍ പെട്ടിരുന്നു. ഇതോടെയാണ് വളപട്ടണം പോലീസുമായി എസ്ഐ, രഞ്ജിത് രവീന്ദ്രന്‍ ബന്ധപ്പെട്ടത്. ഇതേ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു മോഷ്ടിക്കപ്പെട്ട മറ്റൊരു ബുള്ളറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു വളപട്ടണം പൊലീസ്.
ഈ ബുള്ളറ്റ് ദേശീയപാതയിലെ പെട്രോള്‍ പമ്പിനു സമീപം കേടായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതു കേടായതോടെ ഗോവയ്ക്ക് യാത്ര തുടരാന്‍ സംഘത്തിനു മറ്റൊരു ബുള്ളറ്റ് ആവശ്യമായി വന്നപ്പോള്‍ അബ്ദുല്‍ വാരിസിന്റെ ബുള്ളറ്റ് മോഷ്ടിക്കുകയായിരുന്നു. ബുള്ളറ്റുകള്‍ മാത്രം മോഷ്ടിക്കുന്ന ഈ സംഘം ഇവയുടെ പൂട്ടുകള്‍ അതിവേഗം പൊളിച്ച് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചു കൊണ്ടു പോകുന്നതില്‍ വിദഗ്ധരാണ്.
Post Your Comments